IndiaNEWS

രാഹുലിനെ തള്ളി, അദാനിയെ പിന്തുണച്ച് ശരദ് പവാർ

മുംബൈ: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിയും ഗൗതം അദാനിയെ പിന്തുണച്ചും എൻസിപി അധ്യക്ഷന്‍ ശരദ് പവാർ. അദാനിക്കെതിരായ ഹിൻഡൻബെർ‍ഗ് റിപ്പോർ‍ട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് ശരദ് പവാർ പറ‍ഞ്ഞു. പാർലമെന്‍റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെപിസി അന്വേഷണം അനാവശ്യമെന്നും പവാർ വിമർശിച്ചു. അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിലടക്കം പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് വിഷയത്തില്‍ ശരദ് പവാർ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അദാനി വിഷയത്തിലെ സംയുക്ത പ്രതിപക്ഷ യോഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും നേരത്തെ എൻസിപി വിട്ടുനിന്നിരുന്നു.

അതേസമയം പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖാ‍ർഗെ ഫോണില്‍ സംസാരിച്ചു. യോഗത്തിന് സ്റ്റാലിന്‍ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, അഖിലേഷ് യാദവ്, ഇടത് പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായും കോണ്‍ഗ്രസ് ബന്ധപ്പെടും. നിലവില്‍ യോഗം എവിടെയാണെന്നതിനെ കുറിച്ചോ എപ്പോഴെന്നത് സംബന്ധിച്ചോ ഉള്ള വിവരം കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.

Back to top button
error: