Movie

ദുഃഖവെള്ളിയും പീഡാനുഭവവും ഈസ്റ്ററും പ്രധാന പ്രമേയമായ സിനിമാ ഗാനങ്ങൾ

കുരിശും ക്രിസ്‌തുവും ചലച്ചിത്രഗാനങ്ങളിൽ

സുനിൽ കെ ചെറിയാൻ

Signature-ad

 ദുഃഖവെള്ളിയും പീഡാനുഭവവും ഉയിർപ്പും ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽപ്പോലും, ക്രിസ്‌തുമസ്‌ പാട്ടുകളെ അപേക്ഷിച്ച് കുറവാണ്. ചലച്ചിത്രഗാനങ്ങളിലും അതെ. ക്രിസ്‌തുമസ്‌ സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന അവസരമായതിനാലാവണം ദുഃഖവും പീഢയും നിഴലിക്കുന്ന ഈസ്റ്റർ ഗാനങ്ങൾ വിരളമായത്. എങ്കിലും അവ പ്രധാനപ്രമേയമായ പത്ത് സിനിമാപ്പാട്ടുകളെക്കുറിച്ചുള്ള ഓർമ്മ പുതുക്കുന്നു.

1. ജീസസ് എന്ന ചിത്രത്തിന് വേണ്ടി ആലപ്പി രംഗനാഥ് സംഗീതം നൽകിയ പാട്ടാണ് ‘ഓശാന, ഓശാന, മിശിഹാ കർത്താവിന്നോശാന’. ഗാനരചന അഗസ്റ്റിൻ വഞ്ചിമല. യെരുശലേമിലേയ്ക്ക് വന്ന യേശുവിനെ ജനക്കൂട്ടം എതിരേറ്റ് ഞങ്ങളെ രക്ഷിക്കൂ (ഓശാന) എന്ന അർത്ഥത്തിൽ സന്തോഷത്തോടെ പാടുന്ന സന്ദർഭമാണ് ഈ പാട്ടിലെ ഉള്ളടക്കം. യേശു ക്രൂശിക്കപ്പെടുന്നതിന് ഒരാഴ്ച്ച മുൻപാണ് ഈ സന്ദർഭം.

2. ‘യെരുശലേമിലെ സ്വർഗ്ഗദൂതാ, യേശുനാഥാ’ എന്ന ഗാനം ചുക്ക് എന്ന ചിത്രത്തിനായി വയലാർ എഴുതി ദേവരാജൻ ഈണമിട്ടു. ജയചന്ദ്രനും സുശീലയുമാണ് ഗായകർ. ‘സീസറില്ല, പീലാത്തോസില്ല, കാൽവരിയുടെ താഴ്‌വരയിൽ മുൾമുടിയില്ലാ, ഇത് നിന്റെ രാജ്യം’ എന്ന് പാട്ടിൽ.

3. ‘യെരുശലേം നായകാ, അബലർ തൻ വിമോചകാ’ എന്ന് എഴുതിയത് റഫീഖ് അഹമ്മദാണ് (അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടിച്ചിത്രം). ഗോപിസുന്ദറിന്റെ സംഗീതത്തിൽ ശ്രേയ ജയദീപും സംഘവും പാടി. ‘ഗാഗുൽത്തായിൽ ഇടറി നീങ്ങവേ പാപം തോൽക്കാൻ അലിയും ഇടയനായി’ എന്ന് പാട്ടിൽ.

4. ‘കുരിശിന്റെ വഴിയിൽ മിശിഹാ തൻ മഹിമയാണെന്നും’ (മോഹൻലാൽ ചിത്രം ഇവിടം സ്വർഗ്ഗമാണ്). ബിച്ചു തിരുമലയുടെ വരികൾക്ക് മോഹൻ സിതാരയുടെ ഈണം. ഗായകൻ യേശുദാസ്.

5. കുരിശ് എന്നൊരു ചിത്രം നിർമ്മാണത്തിലുണ്ട്. ഗായകൻ ജോളി അബ്രഹാമാണ് സംഗീതം. അതിൽ മെറ്റിൽഡ തോമസ് പാടിയ ഗാനമാണ് ‘കുരിശിൽ തെളിയുമീ കനിവിൻ പൂക്കളേ’. ഉഷ മേനോൻ എന്ന പുതുമുഖമാണ് ഗാനരചന.

6. ‘ദുഃഖവെള്ളിയാഴ്ചകളേ, ഗദ്ഗദത്തിൻ ഗാനം മൂളും സ്വർഗ്ഗവാതിൽപ്പക്ഷികളേ’ എന്ന പി സുശീലയുടെ ഗാനം (വയലാർ-ദേവരാജൻ). 1970 ലെ ചിത്രം നിലയ്ക്കാത്ത ചലനങ്ങൾ കാനം ഇ.ജെയുടെ നോവൽ സിനിമയാക്കിയതാണ്.

7. ‘ദുഃഖിതരേ, പീഡിതരേ’ എന്ന സലീൽ ചൗധരി പാട്ട് എങ്ങനെ മറക്കാൻ പറ്റും? ‘നിർദ്ധനരേ, മർദ്ദിതരേ നിങ്ങൾ കൂടെ വരൂ, നിങ്ങൾക്ക് സ്വർഗ്ഗരാജ്യം’ എന്ന് വയലാർ എഴുതി (ചിത്രം തോമാശ്ലീഹ).

8. യേശുദാസ് സംഗീതം നൽകി ആലപിച്ച ഗാനമാണ് ‘ഗാഗുൽത്താ മലകളേ മരങ്ങളേ മുൾച്ചെടികളേ’. ‘ജീസസി’ന് വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതി. ജീസസ് എന്ന ചിത്രത്തിന് നാല് സംഗീതസംവിധായകരുണ്ടായിരുന്നു. അഞ്ച് ഗാനരചയിതാക്കളും.

9. കല്യാണഫോട്ടോ എന്ന ചിത്രത്തിനായി വയലാർ-കെ രാഘവൻ ടീം ഒരുക്കിയ ഗാനമാണ് ‘കാൽവരി മലയ്ക്ക് പോകും കന്നിമേഘമേ, കണ്ടു വരൂ കാരുണ്യരൂപനെ’. പി ലീലയാണ് പാടിയത്.

10. ‘ഓർശലേമിൻ നായകാ, ജീവദായകാ, വേദഗ്രന്ഥത്തിൽ ഇതൾ വിരിയും വെറോനിക്കായുടെ രോമഹർഷം’ എന്ന ഗാനം എംകെ അർജ്ജുനന്റേതാണ്. രചന നെൽസൺ. ഗായിക പി സുശീല. ചിത്രം രാജാങ്കണം (1976).

Back to top button
error: