KeralaNEWS

അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരൻ;അനിലിന്റേത് തെറ്റായ തീരുമാനം:എ കെ ആന്റണി

തിരുവനന്തപുരം: മകന്റെ ബിജെപി പ്രവേശനത്തിൽ വളരെ വികാരാധീനനായി എ കെ ആന്റണി.ബിജെപി അംഗത്വം സ്വീകരിച്ച അനിലിന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എത്രനാള്‍ ജീവിച്ചിരുന്നാലും താന്‍ ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചും ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എകെ ആന്റണി സംസാരിച്ചത്. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുര്‍ബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Signature-ad

 

2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം സമുദായ സൗഹാര്‍ദ്ദം ശിഥിലമാകുന്ന സ്ഥിതിയാണുള്ളത്. ജാതി -മത- വര്‍ണ ഭേദമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തില്‍ ഇന്ധിരാഗാന്ധിയുമായി താന്‍ അകന്നുവെങ്കിലും പിന്നീട് തിരിച്ച്‌ വന്ന ശേഷം മുമ്ബില്ലാത്ത രീതിയില്‍ ആദരവും സ്നേഹവുമാണ് അവരോടുണ്ടായിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാന്‍ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ആ കുടുംബമാണ്. അതിനാല്‍ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. എന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. 82 വയസായ ഞാന്‍ ഇനിയെത്രകാലമുണ്ടാകുമെന്നറിയില്ല. ദീര്‍ഘായുസെനിക്ക് താല്‍പര്യവുമില്ല. എത്രനാള്‍ ഞാന്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായാകുമെന്നെനിക്കുറപ്പാണ്-ആന്റണി പറഞ്ഞു.

Back to top button
error: