Movie

‘താഴമ്പൂ മണമുള്ള’ ഗാനങ്ങളുമായി വന്ന കെ എസ് സേതുമാധവന്റെ ‘അടിമകൾ’ക്ക്  54 വയസ്സ്

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അടിമകൾ’ക്ക് 54 വയസ്സ്. മഞ്ഞിലാസിന്റെ ബാനറിൽ സത്യൻ, നസീർ, ഷീല, ശാരദ എന്നിവർ അണിനിരന്ന ഈ ചിത്രം റിലീസ് ചെയ്‌തത്‌ 1969 ഏപ്രിൽ 5 നായിരുന്നു. പമ്മന്റെ ഇതേ പേരിലുള്ള നോവലിന് തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത്. വയലാർ- ദേവരാജൻ ടീമിന്റെ ‘താഴമ്പൂ മണമുള്ള’ പാട്ടുകൾ മൂലം ചിത്രം ഇന്നും മലയാളികൾ ഓർക്കുന്നു.

ഷീല ഭക്തിമാർഗത്തിൽ ജീവിക്കുന്ന സുന്ദരി. ഗുരുവായ അടൂർഭാസിയെ മനസാ പിന്തുടരുന്ന ഭക്ത. അവിവാഹിതനായ സഹോദരൻ ജേസിയുമടങ്ങുന്നതാണ് അവരുടെ കുടുംബം. വേലക്കാരിയായി വരുന്ന ശാരദയും, ബധിരനും പഞ്ചപാവവുമായ സഹായി നസീറും ഷീലയ്ക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. ജേസിയിൽ നിന്നും അവിഹിതഗർഭം ധരിച്ച ശാരദയെ മാറ്റി  പാർപ്പിക്കുന്നു. കൂട്ടിന് നസീറിനെയും ചുമത്തപ്പെടുത്തി.

സഹോദരന്റെ സുഹൃത്തായ സത്യന് ഷീലയോട് അനുരാഗമുണ്ട്. പക്ഷെ ഭക്തിമാർഗത്തിൽ അത് അസ്ഥാനത്താണല്ലോ. ഇതിനിടെ ശാരദയുടെ അവിഹിത സന്തതിയെ സ്വന്തമെന്ന പോലെ വളർത്തുന്നു നസീർ. മാനസാന്തരം വന്ന ജേസി ശാരദയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞെങ്കിലും ശാരദ നിരസിക്കുന്നു. കുട്ടിയോട് സ്നേഹമുള്ളയാളാണ് (നസീർ) അച്ഛനാവാൻ നല്ലത് എന്നും കൂട്ടിച്ചേർക്കുന്നു.

ഇതിനിടെ ഗുരു അടൂർ ഭാസി മറ്റൊരു ശിഷ്യയുമായി ഓടിപ്പോയി. ഇതോടെ ഷീലയുടെ ഭക്തിമാർഗം അവസാനിച്ചു. ദൂരേയ്ക്ക് പോകാൻ ട്രെയിനിൽ കയറുന്ന സത്യനോട് അവർ പറഞ്ഞു, ‘ഞാനും വരുന്നു’.

ചെത്തി മന്ദാരം തുളസി, നാരായണം ഭജേ തുടങ്ങിയ ഭക്തിഗാനങ്ങളും ഇന്ദുമുഖീ, താഴമ്പൂ മണമുള്ള എന്നീ പ്രണയ ഗാനങ്ങളും, മാനസേശ്വരീ മാപ്പു തരൂ എന്ന ദുഃഖഗാനവും അടങ്ങിയ ഗാനവിരുന്നാണ്  ‘അടിമകൾ’ സമ്മാനിച്ചത്.

Back to top button
error: