BusinessTRENDING

ഇന്ധന ചോർച്ച; ഐക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് അരലക്ഷത്തിൽ അധികം റാംഗ്ലർ എസ്‌യുവികൾ തിരിച്ചുവിളിച്ചു!

ക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് തകരാറുമൂലം അമേരിക്കയില്‍ അരലക്ഷത്തിലധികം റാംഗ്ലര്‍ എസ്‍യുവികളെ തിരിച്ചുവിളിച്ചു. 2019 ഒക്‌ടോബറിനും 2022 മെയ് മാസത്തിനും ഇടയിൽ നിർമ്മിച്ചറാംഗ്ലര്‍ എസ്‍യുവികളുടെ 57,885 യൂണിറ്റുകൾ ആണ് ജീപ്പ് യുഎസിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ മോഡലുകളിലെ ഫ്രെയിം സ്റ്റഡിന് ആണ് തകരാര്‍. ഇത് ഇന്ധന ചോർച്ചയ്ക്കും മറ്റും കാരണമായേക്കാം. തിരിച്ചുവിളിച്ച എല്ലാ മോഡലുകളും ജീപ്പ് പരിശോധിക്കുകയും തകരാറുള്ള ഘടകങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യും.

മെക്‌സിക്കോ ആസ്ഥാനമായുള്ള മെറ്റാൽസ എസ്എ ഡി സിവി ജീപ്പാണ് ഫ്രെയിം സ്റ്റഡുകൾ നിർമ്മിച്ചത്. തകരാര്‍ ഏതൊക്കെ മോഡലുകളെ ബാധിച്ചുവെന്ന് കണ്ടെത്താൻ സ്ഥാപനവുമായി ഏകോപിപ്പിച്ച് സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. ഈ തകരാര്‍ നിമിത്തം പരിക്കുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബ്രാൻഡ് പറയുന്നു.  തിരിച്ചുവിളിച്ച യൂണിറ്റുകളില്‍ ഏകദേശം 58 ശതമാനത്തിനും തകരാറുള്ള സ്റ്റഡ് ഉണ്ടായിരിക്കാം എന്നാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA)കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തിരിച്ചുവിളിക്കുന്ന രേഖകളിൽ പ്രത്യേക വാഹന തിരിച്ചറിയൽ നമ്പറുകൾ (വിഐഎൻ) കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്ഥാപനം കാർ പരിശോധിക്കുകയും ആവശ്യമെങ്കിൽ ഫ്രെയിം സ്റ്റഡ് നീക്കം ചെയ്യുകയും പെയിന്റ് പ്രയോഗിക്കുകയും ചെയ്യും. അധിക അറ്റകുറ്റപ്പണി ചെലവുകൾക്കായി ഉടമകൾക്ക് തിരികെ നൽകും.

വെർട്ടിക്കൽ സ്ലാറ്റുകൾ , വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സൈഡ് സ്റ്റെപ്പറുകൾ, ORVM-കൾ, ചതുരാകൃതിയിലുള്ള വിൻഡോകൾ എന്നിവയുള്ള ഒരു വലിയ ഗ്രില്ലാണ് ജീപ്പ് റാംഗ്ലറിനുള്ളത് . അകത്ത്, അഞ്ച് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ചാർജറുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട് . ഇതിന് ഒന്നിലധികം എയർബാഗുകളും ഒരു അഡാസ് സ്യൂട്ടും ലഭിക്കുന്നു.

ഇന്ത്യയിൽ, 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനിലാണ് റാംഗ്ലർ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 5,250 ആർപിഎമ്മിൽ 268 എച്ച്പി പവറും 3,000 ആർപിഎമ്മിൽ 400 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. യുഎസിൽ, സ്റ്റാൻഡേർഡ് പെട്രോൾ, ഹൈബ്രിഡ് രൂപങ്ങളിൽ V6, V8 മോട്ടോറുകൾ ലഭിക്കുന്നു.

അമേരിക്കയിൽ, ജീപ്പ് റാംഗ്ലർ എസ്‌യുവിയുടെ പ്രാരംഭ വില 31,195 ഡോളര്‍ (ഏകദേശം 25.7 ലക്ഷം രൂപ) ആണ്. അതേസമയം, ഇന്ത്യയിൽ വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59.05 ലക്ഷം രൂപയാണ്.

Back to top button
error: