മഞ്ചേരി: ഒരേ ബസിൽ 25 വർഷം സ്കൂളിലേക്കു യാത്ര ചെയ്ത് മാർച്ച് 31നു വിരമിച്ച അധ്യാപികയ്ക്ക് ബസ് ജീവനക്കാരുടെ യാത്രയയപ്പ്.
മഞ്ചേരി തിരൂർ റൂട്ടിലോടുന്ന കെടിഎസ് ബസ് ജീവനക്കാരാണ് വെസ്റ്റ് കോഡൂർ എഎംയുപി സ്കൂൾ അധ്യാപിക അരുണയ്ക്ക് യാത്രയയപ്പ് നൽകിയത്.
സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചതു മുതൽ ഈ ബസിലാണ് അരുണ ടീച്ചറിന്റെ യാത്ര.അന്നു മുതൽ കെടിഎസ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായെന്ന് ടീച്ചർ പറയുന്നു.ബസിലെ ജീവനക്കാർ, ഉടമ, ബസിന്റെ നിറം തുടങ്ങിയവ മാറിയെങ്കിലും അരുണയുടെ യാത്രയ്ക്കും ബസിന്റെ പേരിനും ഇന്നും മാറ്റമില്ല.ബസിൽ ടീച്ചറെ കണ്ടില്ലെങ്കിൽ ടീച്ചർ അവധിയാണെന്നു വിദ്യാർഥികൾ ഉറപ്പിക്കും.
ഡ്രൈവർ ഷഫീഖ്, കണ്ടക്ടർമാരായ കെ.വി റാഷിദ്, അബ്ബാസ്, ചെക്കർ ജോൺസൺ തുടങ്ങിയവരാണ് തങ്ങളുടെ സ്ഥിരം യാത്രക്കാരിയ്ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്.ബസിൽ ഡ്യൂട്ടിക്ക് പകരം ആളെ കയറ്റി ടീച്ചറിന്റെ വയപ്പാറപ്പടിയിലെ വീട്ടിലെത്തി കേക്ക് മുറിച്ചും കെടിഎസ് ബസിന്റെ സ്നേഹാദരമായി ഫലകം നല്കിയുമായിരുന്നു യാത്രയയപ്പ് നൽകിയത്.