
തൃശ്ശൂർ: പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. 76 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂർ തൊഴുത്തിങ്ങപുറത്ത് സജീവൻ, പറവൂർ കാക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദാണ് കേസിൽ വാദം കേട്ട ശേഷം പ്രതികളെ ശിക്ഷിച്ചത്. രണ്ട് പ്രതികൾക്കും പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 മെയ് 23ാം തീയതിയാണ് ഇരുവരും കഞ്ചാവുമായി പിടിയിലായത്. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലായിരുന്നു പ്രതികൾ പച്ചക്കറി വണ്ടിയിൽ കഞ്ചാവുമായി പിടിയിലായത്.