ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ എട്ട് പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശക്തമായി തുടരുന്നു.കൊച്ചി-ധനുഷ്കോടി പാതയിലടക്കം പലയിടത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പോലീസ് ഇടപെട്ടതോടെ കുറച്ചുവാഹനങ്ങള്‍ കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായിട്ടുണ്ട്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അരിക്കൊമ്പനെ പിടിച്ചേ മതിയാവൂ എന്നും അതുവരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ആന കാട്ടില്‍ നില്ക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും എന്നാല്‍ നാട്ടിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുന്നതും ഉപദ്രവിക്കുന്നതുമാണ് പ്രശ്നമെന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാനുള്ള വനംവകുപ്പ് നടപടിക്കെതിരായ ഹൈക്കോടതി വിധി വന്നതോടെ ഇന്നലെമുതല്‍ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സിങ്കുകണ്ടത്ത് നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പ്രദേശവാസികള്‍ കുങ്കിത്താവളത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വനംവകുപ്പ് ജനങ്ങളെ നിയന്ത്രിക്കാനായി റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ അവര്‍ നീക്കി. തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് അറിയിച്ച ശേഷം വൈകിട്ട് 6.30ഓടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
അതേസമയം, അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റ് പരിഹാര മാര്‍ഗമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി അഞ്ചംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മയക്കുവെടിവച്ച് പിടികൂടി കൂട്ടില്‍ അടയ്ക്കരുത്. അരിക്കൊമ്പന് അടുത്തകാലത്തൊന്നും മനുഷ്യജീവന് ഭീഷണിയായിട്ടില്ല. ഇതിനെ പിടികൂടി തടവിലാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.അരിക്കൊമ്പന്റെ വിവരങ്ങള്‍ മൂന്നു ദിവസത്തിനകം വിദഗ്ദ്ധ സമിതിക്ക് കൈമാറണം. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ടിനായി ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ആര്.എസ്.അരുണ്‍, പ്രോജക്ട് ടൈഗര്‍ സി.സി.എഫ് എച്ച്.പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ.എന്‍.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ഈസ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് സമിതിയംഗങ്ങള്‍.
റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നാട്ടുകാരില്‍ നിന്ന് അഭിപ്രായം തേടണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരാണ് പ്രധാനമായും ആനപ്പേടിയില്‍ കഴിയുന്നത്. ആനകളുടെ ആവാസ മേഖലയിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരെ പുനരധിവസിപ്പിച്ചതില്‍ ചരിത്രപരമായ തെറ്റുണ്ടെങ്കില്‍ തിരുത്തും.
ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോസ് കെ.മാണി എം.പിയും ശാന്തന്‍പാറ പഞ്ചായത്തും ഉള്‍പ്പടെ ഉപഹര്‍ജികള്‍ നല്‍കിയിരുന്നു. അരിക്കൊമ്പനെ പിടികൂടി കൂട്ടിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് വനംവകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടനയാണ് ആനയെ പിടികൂടാനുള്ള നീക്കം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 23നു രാത്രി എട്ടിന് ഡിവിഷന് ബെഞ്ച് അടിയന്തര സിറ്റിംഗ് നടത്തി പിടികൂടുന്നത് തടഞ്ഞിരുന്നു.