NEWSPravasi

വീണ്ടും ആകാശക്കൊള്ള; വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ചു

കോഴിക്കോട്: ചെറിയ പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ വർധിപ്പിച്ചു.നാലിരട്ടിയോളമാണ് വർദ്ധനവ്.
ഏറ്റവും കൂടിയ വർദ്ധനവ് ഖത്തറിലേക്കാണ്. നിലവിൽ 10000നും 15000നും ഇടയിൽ ഉണ്ടായിരുന്ന നിരക്കുകൾ 38000 മുതൽ 40000 വരെ ഉയർത്തി. നെടുമ്പാശേരി-ദുബായ് 9000-12000 ൽ നിന്നും 30000 ആക്കി കുത്തനെ ഉയർത്തി. സൗദി മേഖലയിൽ 15000-19000 ആയിരുന്നത് 23000 രൂപ വരെ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ സർവീസ് വെട്ടിക്കുറച്ചതോടെ സീറ്റുകളിൽ കുറവ് വന്നതും നിരക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണവിലത്തകർച്ചയെ തുടർന്ന് നാല് തവണ വിമാന ഇന്ധന വിലയിൽ കുറവുണ്ടായി.എന്നിട്ടും ഇതിന്റെയൊന്നും ആനുകൂല്യങ്ങൾ യാത്രക്കാർക്ക് നൽകുന്നില്ല എന്നുമാത്രമല്ല ഓരോ സീസൺ നോക്കി ചാർജ്ജുകൾ നാലിരട്ടി വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം സ്വകാര്യവത്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി യുഎയിൽ നിന്ന് കേരളത്തിലേക്കുള്ള 14 സർവീസുകൾ നിർത്തലാക്കി. സാധാരക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഷാർജ- കരിപ്പൂർ സർവീസുകൾ പൂർണമായും നിർത്തി. 18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്രചെയ്യാവുന്ന വലിയ എയർ ഇന്ത്യ വിമാനങ്ങളാണ് പിൻവലിച്ചത്.

Back to top button
error: