മറ്റൊരു വേനലവധിക്കാലത്ത്
വർഷങ്ങൾക്കു മുമ്പ്.. പത്താം ക്ലാസിലെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് സ്കൂളിന്റെ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അവൾ പെട്ടെന്ന് അടുത്തേക്കു വന്നത്.ആ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.എന്റെ ഹൃദയവും അപ്പോൾ പടപടാ ഇടിക്കാൻ തുടങ്ങിയിരുന്നു.പരീക്ഷാഹാളിൽ ചോദ്യക്കടലാസ്
കിട്ടുമ്പോൾ പോലും എനിക്കിങ്ങനൊരനുഭവം ഉണ്ടായിട്ടില്ല.അവളെയും വിയർക്കുന്നുണ്ടായിരുന്നു.ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ എത്രയോ കാലമായി ഞാൻ..
അപ്പോഴായിരുന്നു അവളുടെ ആങ്ങളയുടെ വരവ്.ഞങ്ങളേക്കാൾ രണ്ടു ക്ലാസ് പുറകിലായിരുന്നു അവൻ.അല്ലെങ്കിലും വില്ലന്റെ വരവ് എപ്പോഴും അപ്രതീക്ഷിതമായിരിക്കുമല്ലോ.
എക്സാം എങ്ങനെ ഉണ്ടായിരുന്നു? പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
മറുപടി ഒരു നോട്ടത്തിൽ ഞാൻ ഒതുക്കി.അപ്പോഴേക്കും അവൾ ആങ്ങളയ്ക്കൊപ്പം നടന്നുംകഴിഞ്ഞിരുന്നു.നടക്കുമ് പോഴും അവൾ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.ആ കണ്ണുകൾ അപ്പോഴും ചുവന്നു തന്നെ കിടന്നു. ഒരു ആണിനും പെണ്ണിനും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയ വാക്കുകളുടെ നോവായിരുന്നു പ്രണയം എന്ന് അന്നാണ് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞ്.
ഓരോ വേനലവധിക്കും സ്കൂളുകൾ അടയ്ക്കുമ്പോൾ ഇത്തരം ഒരുപാട് പ്രണയനാടകങ്ങൾ സ്കൂൾ ഇടനാഴികളിലും മുറ്റത്തുമായൊക്കെ അരങ്ങേറാറുണ്ടായിരുന്നുവെങ്കിലും എന്നെ ആ നോവ്
വളരെക്കാലം പിന്തുടർന്നു.
വീണ്ടും ഒരു മദ്ധ്യവേനൽ അവധി.
ഓർമ്മകൾക്ക് ഇപ്പോഴും ബാല്യത്തിന്റെ ആ കരുത്തുതന്നെയാണുള്ളത്.
കൂട്ടുകൂടി ആരാന്റെ പറമ്പിലെ മാമ്പഴവും ചക്കപ്പഴവും ഒക്കെ കഴിച്ച്, കശുവണ്ടി പെറുക്കിവിറ്റ് സിനിമ കണ്ടുനടന്ന ആ ബാല്യകാലം..ബാല്യത്തിന്റെ ഓർമ് മകളിൽ ഏറ്റവും മിഴിവുള്ള ചിത്രമായി മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്നതും ഇതുതന്നെയാണ്.പിന്നെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ
കളിവീടും കെട്ടി
കണ്ണിമാങ്ങയും പെറുക്കി വരുകയില്ലെന്ന് അറിയാമായിരിന്നിട്ടും അവൾക്കുവേണ്ടിയുള്ള ആ കാത്തിരിപ്പ്..!
ഇലഞ്ഞിപ്പൂവിന്റെ മണമായിരുന്നു അന്നത്തെ ഓരോ പ്രഭാതത്തിനും .വീട്ടിൽ ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.അതിന്റെ ചുവട്ടിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ അതിരാവിലെ തന്നെ എഴുന്നേറ്റ് പെറുക്കി മാല കോർത്ത് ബസുകാർക്ക് കൊടുക്കുമായിരുന്നു.കാശിനല്ല,ഫ് രീയായിട്ടു തന്നെ.ആ
ബസിലായിരുന്നു എതോ അവധിക്കാല ക്ലാസുകൾക്കായി അവൾ പോകുകയും വരുകയും ചെയ്തുകൊണ്ടിരുന്നത്.നാലു കണ്ണുകൾ കോർക്കുമ്പോൾ രണ്ടു മുഖത്തും വിരിഞ്ഞിരുന്നത് ഇലഞ്ഞിപ്പൂക്കളുടെ തന്നെ തെളിച്ചമായിരുന്നു;നറുമണവും !
ഇതിനിടയിൽ ഒരുനാൾ അവൾ പെട്ടെന്ന് അപ്രത്യക്ഷമായി.ആരോ പറഞ്ഞു,ഗുജറാത്തിലുള്ള അമ്മാവനോടൊപ്പം അവിടേക്ക് പോയെന്ന്.പിന്നീട് അവളെപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു.ശേഷം വന്ന വസന്തങ്ങളിലെല്ലാം ഇലഞ്ഞിപ്പൂക്കൾ അതിന്റെ ചുവട്ടിൽ വാടിക്കരിഞ്ഞും കിടന്നു.ഇതിനിടയ്ക്ക് ഒരു പ്രവാസിയായി എനിക്കും നാടുവിടേണ്ടി വന്നു.
ഒടുവിൽ വർഷങ്ങൾക്കു ശേഷം, ഏതോ ഒരു വിഷുക്കാലത്ത് ലീവിന് ഞാൻ നാട്ടിൽ വന്നപ്പോഴാണ് അറിയുന്നത്, അവൾ ആത്മഹത്യ ചെയ്തു എന്ന്! കാരണം എന്തെന്ന് എനിക്കറിയില്ല.ഞാനൊട്ടു തിരക്കാനും പോയില്ല.അവളുടെ കല്യാണം കഴിഞ്ഞതായി അതിനു മുമ്പുതന്നെ ഞാൻ അറിഞ്ഞിരുന്നു.
ഒരു കയറ്റു കട്ടിലുണ്ടായി
രുന്നു വീട്ടിൽ.പണ്ട് വേനൽക്കാലത്ത് പലപ്പോഴും മുറ്റത്തെടുത്തിട്ടുകൊണ്ട് അതിൻമേലായിരുന്നു എന്റെ ഉറക്കം.
അന്ന് പതിവില്ലാതെ ഞാനതിലാണ് ഉറങ്ങാൻ കിടന്നത്.ഭാര്യയുടെ കെറുവിച്ച നോട്ടം കണ്ടില്ലെന്നു നടിച്ചു കൊണ്ട്
ആകാശം നോക്കി ഞാനങ്ങനെ കിടന്നു.അല്ല,മിന്നി
തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി..
കേട്ടിട്ടില്ലേ, മരിച്ചവരാണ് ആകാശത്ത് നക്ഷത്രങ്ങളായി
കാണുന്നതെന്ന്..!!
എങ്കിലും വേനൽ..
നിന്നെ എനിക്കിഷ്ടമാണ്.
ഇടിവെട്ടിയൊരു മഴ പെയ്യാൻ..
മേടമാസത്തിന്റെ കണിയൊരുക്കാൻ..
മാമ്പഴത്തിന്റെയും കശുമാമ്പഴത്തിന്റെയും രുചിയറിയാൻ..
വിഷു പക്ഷിയുടെ പാട്ട് കേൾക്കാൻ..
തേൻവരിക്കയുടെ സ്വാദ് നുണയാൻ.. ഒരിക്കലും വരില്ലെന്നറിയാമെങ്കിലും
ഒരിക്കൽക്കൂടി ആ മാവിൻച്ചുവട്ടിൽ കുടിലുംകെട്ടി അവൾക്കുവേണ്ടി കാത്തിരിക്കാൻ.
എന്നിട്ട്.. എന്നിട്ടുവേണം ആ ഓർമ്മയുടെ വേവിൽ എനിക്കൊന്ന് ഉരുകിയൊലിക്കാൻ…!!