മോരൊഴിച്ചുണ്ണരുത്.. മൂത്രമൊഴിച്ചുണ്ണണം..
കണ്ണു മിഴിക്കുന്നതിന് മുൻപ് ശ്രദ്ധിച്ചു വായിക്കുക… മോര് ഒഴിച്ച്(ഇല്ലാതെ) ഉണ്ണരുത്… മൂത്ര വിസർജനം നടത്തി വേണം ഭക്ഷണം കഴിക്കാൻ.. മലയാളം ഇങ്ങനെയും പ്രയോഗിക്കാം.അതുപോട്ടെ മോരാണ് നമ്മുടെ വിഷയം.
അർശസ്സിന് തക്രത്തേക്കാൾ(മോര്) നല്ലൊരു ഔഷധമില്ലെന്നാണ് ചരകാചാര്യമതം. അതുകൊണ്ട് തന്നെ ഭേദം(bleeding or non bleeding) നോക്കാതെതന്നെ അർശസ്സിൽ മോരു കഴിക്കാവുന്നതാണ്. മോരു നല്ലൊരു പാനീയം എന്ന നിലയിലും ഉപയോ ഗിക്കാം തൈരിൽ വെള്ളം ചേർത്ത് കുലുക്കിയത് മോരല്ല… തൈരു കടഞ്ഞ് വെണ്ണ മാറ്റിയതാണ് മോര് എന്ന് ഓർമ്മിപ്പിക്കുന്നു.മറ്റേത് മോരും വെള്ളമാണ്.
ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല.പശുവിൻ പാൽ ഉറയൊഴിച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി എടുക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്.
മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും നാരകത്തിലയും ഇട്ട് പാകത്തിന് ഉപ്പു ചേർത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ മറ്റൊരു പാനീയങ്ങൾക്കും ആവില്ല.
മോരിനെ നമുക്ക് ഒരു സമ്പൂർണാഹാരം എന്നുതന്നെ വിളിക്കാം. കാരണം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ.. അങ്ങനെ എല്ലാം. മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.പ്രത്യേകിച്ച് ചൂടുകാലത്ത് !