LocalNEWS

പുരസ്കാര നിറവിൽ പുന്നയൂർക്കുളം, കലയുടെയും സാഹിത്യത്തിൻ്റെ നീർമാതളം പൂത്ത ഗ്രാമം ഇന്ന് വികസനങ്ങളുടെ പറുദീസ

പുന്നയൂർക്കുളം ഒരുകാലത്ത് നാലപ്പാട് തറവാടിന്റെ പേരും പെരുമയും കൊണ്ട് പുകൾ പെറ്റ ഗ്രാമമായിരുന്നു. കലയും സാഹിത്യവും പൂത്തു വിടർന്ന് നിന്ന തറവാട്. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയും മാധവിക്കുട്ടിയും തുടങ്ങി ആ തറവാട്ടിൽ പിറന്ന പ്രതിഭാധനർ ഏറെ. പക്ഷേ ഇന്ന് വികസനത്തിൻ്റെയും സ്ത്രീശാക്തീകരണത്തിന്റെയും മാതൃകയായി മാറിയിരിക്കുന്നു പുന്നയൂർക്കുളം.

സാങ്കേതിക പരിജ്ഞാനം പകരുന്ന ക്ലാസ് മുറികൾ നിറഞ്ഞ വിദ്യാലയങ്ങൾ, ഉന്നത നിലവാരം പുലർത്തുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സർവ്വ സജ്ജമായ ക്രിമിറ്റോറിയം, വ്യാപകമായ ഓൺലൈൻ സേവനങ്ങൾ. കാഴ്ചകളുടെ ഉത്സവം ഒരുക്കുന്ന ഉത്തരവാദിത്ത ടൂറിസം. പുരാതന ക്ഷേത്രങ്ങൾ, തിരുവാതിരയും തെയ്യവും താളമിടുന്ന ഉത്സവ കാഴ്ചകൾ. കോൾപ്പാടങ്ങളും, കുന്നത്തൂർ മനയും, പുന്നയൂർക്കുളം ചെറിയ കളരിയും, കടലും തീരങ്ങളും ചൂണ്ടയിടലും തുടങ്ങി ഗ്രാമചാരുതയുടെ തീരാ ദൃശ്യങ്ങൾ പുന്നയൂർക്കുളത്ത് പഞ്ചാരികളെ കാത്തിരിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽനിന്നുള്ള ജനപ്രതിനിധിസംഘം പുന്നയൂർക്കുളം പഞ്ചായത്ത് സന്ദർശിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 30 പേർ അടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.
പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യകേന്ദ്രം, എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയ ചെറായി ഗവ. യു.പി. സ്‌കൂൾ, അങ്കണവാടികൾ തുടങ്ങിയവ സംഘം സന്ദർശിച്ചു.
വാഷിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകാന്ത് ഠാക്കറെ, ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ രാം പ്രസാദ്, കില കോ-ഓർഡിനേറ്റർ പി.വി രാമകൃഷ്ണൻ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകിയത്.

ഇപ്പോഴിതാ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം 2021-22 ജില്ലാതല പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം നേടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. 5 ലക്ഷം രൂപയാണ് പുരസ്കാര തുക. രണ്ടാം തവണയാണ് പഞ്ചായത്ത് ആർദ്ര കേരള പുരസ്കാരം നേടുന്നത്. 2017-’18 വർഷത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ആരോഗ്യ മേഖലയില്‍ നൂറ് ശതമാനം തുക ചെലവഴിച്ച പഞ്ചായത്താണ് പുന്നയൂർക്കുളം. കോവിഡ് കാലഘട്ടത്തെ മികവാർന്ന പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണ പരിപാടികള്‍, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, അങ്കണവാടി തലം മുതൽ നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം, പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

സി.പി.എം പ്രതിനിധിയായ ജാസ്മിൻ ഷഹീറാണ് പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്ന പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു. പാലിയേറ്റീവ് കെയർ, സാന്ത്വന പരിചരണ പരിപാടികൾ ജനങ്ങൾക്ക് ഏറേ ഉപകാരപ്രദമാണ്. ഇനിയും ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഭരണസമിതിയുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ പുരസ്കാരത്തിന് കാരണമെന്നും പ്രസിഡന്റ് ജാസ്മിൻ ഷഹീർ കൂട്ടിച്ചേർത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: