IndiaNEWS

കയ്യിലുള്ള മൊബൈൽ ഫോണ്‍ മോഷണ മുതലല്ല എന്ന് ഉറപ്പാക്കുക, പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്

കയ്യില്‍ കിട്ടുന്ന ഫോണ്‍ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കുകയാണ് ആദ്യഘട്ടം.

അതിനു ശേഷം വെബ്‌സൈറ്റില്‍ പരാതി സ്വയം രജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളുടെ വിവരങ്ങള്‍ മാത്രമേ പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനാകൂ.

Signature-ad

നഷ്ടമായ ഫോണില്‍ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോണ്‍ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ക്കണം.

ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ അഡ്രസും നല്‍കിയാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒ.ടി.പി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.

ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്സിലും ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടാകും. അല്ലെങ്കില്‍ *#06# ഡയല്‍ ചെയ്താലും മതി. നോ യുവര്‍ മൊബൈല്‍ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സി.ഇ.ഐ.ആര്‍ വെബ്സൈറ്റ് വഴിയും വിവരങ്ങള്‍ തേടാം. കെ.വൈ.എം. ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങള്‍ ലഭിക്കും.

ഇത് കൂടാതെ എസ്.എം.എസ് വഴിയും അറിയാനാകും. കെ.വൈ.എം എന്ന് ടൈപ് ചെയ്ത ശേഷം ഐ.എം.ഇ.ഐ നമ്പര്‍ നല്‍കുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്.

റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ നല്കിയാല്‍ മതിയാകും. https://bit.ly/3lDm3Aw എന്നതാണ് പുതിയ വെബ്സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.

Back to top button
error: