KeralaNEWS

ഇരിങ്ങാലക്കുടയിലെത്തി ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി

ഇരിങ്ങാലക്കുട: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായി ഇന്നസെൻറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെൻറിൻറെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയാണ് 50 കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെൻറിന് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെൻറിൻറെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് അവർക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ആർ.ബിന്ദു, കെ രാധാകൃഷ്ണൻ, എംബി രാജേഷ് തുടങ്ങിയവർ എല്ലാം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയിരുന്നു. അതേ സമയം ഇന്നസെൻറിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനസാഗരമാണ് എത്തിയത്.

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെൻറ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാൻസർ വാർഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു സിനിമ രാഷ്ട്രീയ പൊതുമേഖലകളിലെ പ്രമുഖരും, സാധാരണക്കാരും അന്തരിച്ച നടന് അന്തോപചാരം അർപ്പിച്ചു. തുടർന്നാണ് സ്വന്തം നാടായ തൃശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്.

Back to top button
error: