CrimeNEWS

കാഞ്ചിയാറിലെ കൊലപാതകം: ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു; ഒടുവിൽ കാരണവും വെളിപ്പെടുത്തി ഭർത്താവ് ബിജേഷ്

തൊടുപുഴ: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിൻറെ വെളിപ്പെടുത്തൽ. കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പൊലീസിന് നൽകിയ മൊഴി.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു ബിജേഷ്. എന്നാൽ ഇതിൽ സഹികെട്ട അനുമോൾ വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് പറഞ്ഞത്. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിജേഷിൻറെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

ഈ മാസം 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഭർത്താവ് ബിജേഷ് ഒളിവിൽ പോകുകയും ചെയ്തു. തുടർന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻറെ നേതൃത്വത്തിലുള്ള സംഘം ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ നിന്നും എത്തിയ ഇയാളെ കുമളി എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇന്ന് രാവിലെ കുമളിയിലെ തമിഴ്നാട് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ബിജേഷ് അതിർത്തി കടന്ന് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്. ബിജേഷ് അതിർത്തി കടന്ന് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിനെ തുടർന്ന് കട്ടപ്പന, കുമളി എസ് എച്ച് ഒ മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അതിർത്തി മേഖലയിൽ തെരച്ചിൽ ആരംഭിച്ചു. റോസാപ്പൂക്കണ്ടം ഭാഗത്ത് അതിർത്തിയിലെ വനമേഖലയിൽ നിന്നും വസ്ത്രം മാറിയ ശേഷം ഇറങ്ങി വരുന്നതിനിടെ കുമളി എസ് എച്ച് ഒ ജോബിൻ ആൻറണിയും സംഘവും ബിജേഷിനെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു.

Back to top button
error: