കോട്ടയം: പാതിവഴിയിൽ പണി നിലച്ചു കിടക്കുന്ന പാലം വിദേശ പ്രതിനിധികളുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ കോട്ടയം ജില്ലാ ഭരണകൂടത്തിൻറെ കുറുക്കുവഴി. കുമരകത്തെ ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിനു പ്രതിനിധികളെത്തും മുമ്പാണ് കിഫ്ബി ഫണ്ട് ചെലവിട്ട് നിർമിക്കുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റും കൂറ്റൻ ബോർഡുകളുയർത്തി മറച്ചത്. പരിപാടിയുടെ പ്രചാരണത്തിനായുളള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം.
അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റൻ ബോർഡുകൾ നിറയുകയാണ്. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കുന്ന ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന വിദേശ പ്രതിനിധികൾ കുമരകത്തെ സമ്മേളന വേദിയിലേക്ക് വരും വഴിയാണ് വർഷങ്ങളായി നിർമാണം നിലച്ചു കിടക്കുന്ന അഞ്ചുമന പാലം. കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റൻ ബോർഡുകൾ എന്നതാണ് ചോദ്യം.
ഏതോരു രാജ്യാന്തര സമ്മേളനത്തിൻറെയും പ്രചരണാർഥം സ്ഥാപിക്കുന്ന സാധാരണ ബോർഡുകൾ മാത്രമാണിതെന്നാണ് സംഘാടകരുടെ വിശദീകരണം. എങ്കിൽ എന്തുകൊണ്ട് പാതയോരത്തെ മറ്റിടങ്ങളിൽ ഇത്ര വലിയ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന മറുചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് പണി തുടങ്ങി പാലത്തിൻറെ നിർമാണം പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകുന്നില്ലെന്നാണ് പഞ്ചായത്തിൻറെ പരാതി. ജി20 സമ്മേളനത്തിൻറെ പേരിലെങ്കിലും പാലം പണി സർക്കാർ തീർക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്കു മുകളിൽ കൂടിയാണ് ഈ കൂറ്റൻ ബോർഡുകളുടെ ഇരുപ്പ്.
അതേസമയം, ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് തിരക്കിട്ട ഒരുക്കങ്ങൾ നടക്കുകയാണ്. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിലാണ് കുമരകത്ത് ജി20 രാജ്യങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥർ സമ്മേളിക്കുക. കുമരകം കവണാറ്റിൻകരയിൽ പക്ഷിസങ്കേതത്തോട് ചേർന്ന കെടിഡിസിയുടെ വാട്ടർസ്കേപ്പ് റിസോർട്ടിലാണ് ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.