പ്രത്യക്ഷത്തിൽ ഒരു സാധാരണ റോബോട്ടിന് സമാനമാണെങ്കിലും ‘ഗാർമി’ അങ്ങനെയല്ല. വെളുത്ത നിറവും നീലക്കണ്ണുകളും കാലുകളിൽ കറങ്ങുന്ന ചക്രങ്ങളും ഒക്കെയുണ്ടെങ്കിലും ഒരു സാധാ റോബോട്ടിന് ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ ഹ്യൂമനോയിഡ് വിഭാഗത്തിൽപെടുന്ന ‘ഗാർമി’യ്ക്ക് ചെയ്യാൻ സാധിക്കും.
കാരണം പ്രായമായവരുടെ ശുശ്രൂഷയ്ക്കും അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനുമായി റോബോട്ടിക്സ്, ഐടി, 3 ഡി സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ജെറിയാട്രോണിക്സ് എന്ന പുതിയ മേഖലയുടെ ഉൽപ്പന്നമാണ് ഗാർമി. ജോലിയിൽ നിന്ന് വിരമിച്ച ജർമ്മൻ ഡോക്ടറായ ഗ്വെന്റർ സ്റ്റൈൻബാച്ച് അടക്കം ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ഈ ആശയത്തിന് പിന്നിൽ. തന്റെ സ്വപ്നമായാണ് സ്റ്റൈൻബാച്ച് ഗാർമിയെ വിശേഷിപ്പിക്കുന്നത്. രോഗികളിൽ രോഗനിർണയം നടത്താൻ മാത്രമല്ല, അവർക്ക് പരിചരണവും ചികിത്സയും നൽകാനും ഗാർമിയെ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇദ്ദേഹം പറയുന്നത്.
ജർമ്മനിയിൽ പ്രായമായവരെ പരിചരിക്കാൻ ആരോഗ്യപ്രവർത്തകരെ ലഭിക്കാതെ വന്നതോടെയാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കാൻ രാജ്യം ഒരുങ്ങുന്നത്. മ്യൂണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്സ് ആൻഡ് മെഷീൻ ഇന്റലിജൻസ് ആണ് ഈ കണ്ടുപിടിത്തത്തിന് മേൽനോട്ടം വഹിക്കുന്നത്. സ്റ്റെയിൻബാച്ചിനെപ്പോലുള്ള മെഡിക്കൽ പ്രാക്ടീഷണർമാരുടെ സഹായത്തോടെ ഒരു ഡസനോളം ശാസ്ത്രജ്ഞർ ചേർന്നാണ് ഗാർമി നിർമ്മിച്ചത്.
യൂറോപ്പിലെ ഏറ്റവും അധികം ജനംഖ്യയുള്ള രാജ്യം ആയി നിലകൊള്ളുമ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വേഗത്തിൽ പ്രായമാകുന്ന സമൂഹങ്ങളിലൊന്ന് കൂടിയാണ് ജർമ്മനി. ഓരോ വർഷം കഴിയുമ്പോഴും ഇത്തരത്തിൽ ശുശ്രൂഷ ആവശ്യമുള്ളവരുടെ എണ്ണം ജർമ്മനിയിൽ കൂടുകയും എന്നാൽ ശുശ്രൂഷിക്കാൻ ആളില്ലാത്ത അവസ്ഥയുമാണ്. ഇതിന് ഒരു പരിഹാരമായാണ് നഴ്സുമാരും പരിചരണക്കാരും ഡോക്ടർമാരും ഇന്ന് ചെയ്യുന്ന ജോലികൾ ഏറ്റെടുക്കാൻ കഴിയുന്ന റോബോട്ടുകളെ സൃഷ്ടിക്കാൻ ഗവേഷകർ ശ്രമം നടത്തുന്നത്.
ഇത്തരത്തിൽ സൃഷ്ടിക്കുന്ന റോബോട്ടിന്റെ പരിശോധന ഫലങ്ങൾ ദൂരെ നിന്ന് ഒരു ഡോക്ടർക്ക് വിലയിരുത്താനാകും. കൂടാതെ, ഇത്തരം ഹ്യൂമനോയ്ഡ് റോബോകൾക്ക് വീട്ടിലോ കെയർ ഹോമിലോ കൂടുതൽ വ്യക്തിപരമാക്കിയ സേവനം വാഗ്ദാനം ചെയ്യാനാകും – ഭക്ഷണം വിളമ്പുക, കുപ്പി വെള്ളം തുറക്കുക, രോഗി വീണാൽ സഹായത്തിനായി വിളിക്കുക അല്ലെങ്കിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വീഡിയോ കോൾ ചെയ്യുക തുടങ്ങിയവ.
വാണിജ്യാടിസ്ഥാനത്തിൽ ‘ഗാർമി’ എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എങ്കിലും 2030 ഓടെ ആളുകൾക്ക് മുൻപിൽ പൂർണമായ അർത്ഥത്തിൽ ഗാർമിയെ എത്തിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്.