കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോലീസ്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 9നാണ് പെണ്‍കുട്ടി മരിക്കുന്നത്. പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചങ്ങനാശേരി ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി കണ്ടെത്തുന്നത്.
പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നേരത്തെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണില്‍ നിന്ന് 29 കോളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം വിഷ്ണുവിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റില്‍ ചങ്ങനാശേരി താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാന്‍ വന്നപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പീഡനത്തിനിരയാക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.