തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലന്‍സ് സ്‌പെഷല്‍ സെല്‍ യൂണിറ്റ് ഡിവൈഎസ്പി: പി.വേലായുധന്‍ നായര്‍ അറസ്റ്റ് ഭയന്ന് മുങ്ങി. വീട്ടില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി മുങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഒന്‍പതുവരെ തുടര്‍ന്നിരുന്നു. തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് റെയ്ഡ് നടത്തിയത്.
റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ വീടിന്റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. അതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്‍വശത്തേക്കുപോയ വേലായുധന്‍ നായരെ പിന്നീട് കാണാതായി.
വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും ഇന്നു പുലര്‍ച്ചവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം വിജിലന്‍സ് എസ്പി, കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വേലായുധന്‍ നായരും അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്.നാരായണനുമായി സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ നടത്തിയതിന്റെ തെളിവുകള്‍ വിജിലന്‍സിനു നേരത്തേ ലഭിച്ചിരുന്നു. നാരായണന്‍ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കേസ് എഴുതിത്തള്ളാന്‍ വേലായുധന്‍ നായര്‍ 50,000 രൂപ കൈപ്പറ്റിയതിന്റെ രേഖകളും വിജിലന്‍സ് ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നാരായണന്‍ ഒട്ടേറെ വസ്തുക്കള്‍ വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആഴ്ചകള്‍ക്കു മുന്‍പു വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധന്‍ നായരും നാരായണനും മുന്‍പു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ കണ്ടെത്തിയത്. 2021-22 കാലയളവില്‍ നാരായണന്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയായിരിക്കെ ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബര്‍ 30നു വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് തുടര്‍നടപടി ആവശ്യമില്ലെന്നു കാണിച്ചു വിജിലന്‍സ് കോടതിയില്‍ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി: റെജി ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധന്‍ നായര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്.