LIFEMovie

തിയറ്ററിൽ ഇല്ലാത്ത രംഗങ്ങളുമായി ‘പഠാന്‍’ ഒടിടിയില്‍; ആമസോണ്‍ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

തിയറ്ററിൽ പ്രദർശനം അവസാനിക്കും മുൻപ് തന്നെ സിനിമകൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രങ്ങളുടെ അതിനു ശേഷമുള്ള ഒടിടി റിലീസ് സിനിമാപ്രേമികളുടെ സവിശേഷ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ അതിൻറെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്നലെ അർധരാത്രിയോടെ ചിത്രം പ്രദർശനം തുടങ്ങി.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ബോളിവുഡിൻറെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയൻസിനെ ലഭിച്ച ചിത്രവും. എന്നാൽ തിയറ്ററുകളിൽ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയിൽ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നത് പ്രകാരം തിയറ്റർ കട്ടിൽ ഇല്ലാതിരുന്ന ചില രംഗങ്ങൾ ഒടിടി പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈഡ് റിലീസിൻറെ ഇക്കാലത്ത് തിയറ്ററിലെ പ്രദർശനകാലം ഏറെക്കുറെ അപ്രസക്തമാണ്. വൻ ഇനിഷ്യലും ആദ്യ രണ്ടാഴ്ചക്കാലത്തെ കളക്ഷനുമാണ് നിർമ്മാതാക്കളും പ്രധാനമായി നോക്കാറ്. എന്നാൽ റിലീസിൻറെ 50-ാം ദിനത്തിലും 20 രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. നാല് വർഷത്തിനിപ്പുറമാണ് ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. തുടർ പരാജയങ്ങൾക്കൊടുവിൽ, സീറോ എന്ന ചിത്രത്തിൻറെ റിലീസിനു പിന്നാലെ കരിയറിൽ ഒരു ഇടവേള എടുക്കാൻ ഷാരൂഖ് ഖാൻ തീരുമാനിക്കുകയായിരുന്നു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Back to top button
error: