പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് ഒൻപത് പേർ മരിച്ചതിനു പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ കളർ മാറ്റാനും, അമിതവേഗതയിൽ ഓടിക്കുന്ന ഡ്രൈവർമാരെ തിരഞ്ഞുപിടിച്ച് അവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് കാണിച്ച് ഉത്സാഹം അഭിനന്ദനാർഹമാണ്.എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബാധകമല്ലേ???
കഴിഞ്ഞ ദിവസം പത്തനംതിട്ടയ്ക്കു സമീപം കോന്നിയിൽ റോഡിന് മധ്യത്തിലെ ഇരട്ട മഞ്ഞവര കടന്ന് അമിതവേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.ഇതാദ്യമാ യല്ല റോഡ് നിയമങ്ങൾ തെറ്റിച്ച് കെഎസ്ആർടിസി ബസുകൾ ഇത്തരത്തിൽ അപകടം ഉണ്ടാക്കുന്നത്.
അമിതവേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് കൊല്ലം ചടയമംഗലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചത് രണ്ടാഴ്ച മുൻപാണ്.പാലക്കാട് സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച വാർത്തയും നാം കേട്ടു.അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ പിന്നാലെ ചെന്ന് തടഞ്ഞിട്ടുകയായിരുന്നു.ഇത്തരത് തിൽ എത്രയെത്ര വാർത്തകൾ !
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്നാണ് സർക്കുലർ.കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങൾ മണിക്കൂറിൽ 65 കിലോമീറ്ററും, നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്റർ വേഗതയിലും മാത്രമേ സഞ്ചരിക്കാവൂ എന്ന മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ ഇരിക്കുമ്പോഴാണ് സ്വിഫ്റ്റിന് മാത്രം പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്.ദീർഘദൂര-അന് തർ സംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ നിശ്ചയിച്ചിട്ടുള്ള സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇത്രയും ഉയർന്ന സ്പീഡിൽ പോകണമെന്നാണ് വാദം.
ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളില്ലാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ മൂന്നാറിൽ തടഞ്ഞിട്ടതും ഈ അടുത്ത കാലത്താണ്.കെഎൽ– 15– 9088 എന്ന ബസാണു ടാക്സി ഡ്രൈവർമാർ അര മണിക്കൂറോളം തടഞ്ഞിട്ടത്.
ഇവർ നടത്തിയ പരിശോധനയിൽ ബസിനു 2020 ഏപ്രിൽ 7 മുതൽ ഇൻഷുറൻസ് ഇല്ലെന്നും 2016 മേയ് 1 മുതൽ പെർമിറ്റില്ലെന്നും കണ്ടെത്തിയതോടെയാണു ബസ് തടഞ്ഞത്.ഇത്തരത്തിൽ എത്ര ബസുകൾ ഇപ്പോഴും നിരത്തിലോടുന്നുണ്ട്.
നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് പലപ്പോഴും കെഎസ്ആർടിസി ബസുകളുടെ സർവീസ്.അമിത വേഗതയും വാതിലടക്കാതെയും പൊട്ടിയ ഗ്ലാസ്സുകൾ മാറ്റാതെയുമൊക്കെയുള്ള ബസ്സുകൾ ഏത് സമയത്തും നമുക്ക് റോഡുകളിൽ കാണുവാൻ സാധിക്കും. ഈ ബസുകളൊക്കെ ആര് പരിശോധിക്കുമെന്നും ആര് നടപടി സ്വീകരിക്കുമെന്നുമാണ് ചോദ്യം!