CrimeNEWS

പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷ 22ന് പ്രഖ്യാപിക്കും

കോട്ടയം: പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശി കുറ്റക്കാരനെന്നു കോടതി വിധി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും. 2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻ നായരെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായിട്ടാണ് ഇരുവരെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. അതിനിടെ പ്രതി റിമാൻഡിൽ ഇരിക്കെ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറുകയായിരുന്നു.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതി അരുൺ ശശി കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെ ജിതേഷ് കോടതിയിൽ ഹാജരായി. അതേസമയം, തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിനും എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം.

ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന് ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഒമ്പത് വർഷമായി ജയിലിൽ കഴിയുന്ന നിഷാമിന് ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും അഭിഭാഷകൻ ഹാരീസ് ബീരാനും കോടതിയിൽ ആവശ്യപ്പെട്ടു.

Back to top button
error: