LocalNEWS

മോഷ്ടിച്ച പെഴ്സ് തിരിച്ചു കൊടുത്ത് മാതൃകയായ കള്ളൻ

കഥയല്ലിത് ജീവിതം !

സത്യദേവ് (കാർട്ടൂണിസ്റ്റ്)

Signature-ad

പരമ്പരയിലെ 99 ശതമാനം കാർട്ടൂണുകളും കാർട്ടൂണിസ്റ്റിന്റെ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ഇന്നത്തെ വരയാകട്ടെ ഇന്നലത്തെ അനുഭവത്തിന്റെ നേർസാക്ഷ്യവും. ബന്ധുവിന്റെ മരണാന്തര ചടങ്ങിനെത്തി തൊട്ടടുത്ത വീടിന്റെ വരാന്തയിൽ വിശ്രമിക്കുന്നതിനിടെ ആ വീട്ടിലെ സിറ്റൗട്ടിൽ വച്ച എന്റെ പേഴ്സ് നഷ്ടമായി. ഞങ്ങളെ കൂടാതെ അപ്പോൾ അവിടെയുണ്ടായിരുന്നത് അപരിചിതനായ ഒരാൾ മാത്രമായിരുന്നു. കാണാതായ പഴ്സിനു വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുമ്പോഴേക്കും അയാളേ കാണാതായിരുന്നു. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പ്രമാണപ്രകാരം, വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലിനുള്ളിലൂടെ ഞാൻ നോക്കുമ്പോൾ ആ വ്യക്തി ഇതൊന്നുമറിയാതെ മൊബൈലിൽ നോക്കിയിരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചില ബന്ധുക്കളുടെ വണ്ടി നൽക്കാലത്തേക്ക് ഓടിക്കാനെത്തിയ ഡ്രൈവറാണ് കക്ഷി. ആളോട് പഴ്സിനെക്കുറിച്ചാരാഞ്ഞപ്പോൾ ‘കിട്ടിയാൽ ആരായാലും തരില്ലേ’ എന്ന ഒഴുക്കൻ മറുപടി.
‘പൈസയെക്കാൾ വിലപ്പെട്ട പലരേഖകളുമുള്ള പേഴ്സാണ്. കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടാൻ പോവാണ്’ എന്ന എന്റെ മൈൽഡ് ഭീഷണി.
‘വേഗം പരാതി കൊടുക്കാൻ’ ആളിന്റെ കൗണ്ടർ.
ഭാര്യാമണിയും അനിയൻമാരിലൊരാളും കൊച്ചേട്ടനും ചേച്ചിമാരും സ്ഥലത്ത് നിരീക്ഷണം തുടരവേ ശടപടേന്ന് അനിയൻ വണ്ടിയെടുത്തു. സ്റ്റേഷനിലെത്തി പരാതി എഴുതി കൊടുത്തു. ആരെയെങ്കിലും സംശയമുണ്ടോയെന്ന മിടുമിടുക്കൻ പൊലീസ് ഓഫീസറുടെ ചോദ്യത്തിന് ഉണ്ടെന്ന് മറുപടി കൊടുത്തു. എന്നാൽ വണ്ടിയെടുത്തോ എന്ന മറുപടി വന്നതും അനിയൻ വണ്ടി കത്തിച്ചു വിട്ടു. സംഭവം നടന്ന വീടിന് അടുത്തെത്താറായപ്പോൾ ഭാര്യയുടെ വിളി:
” അവര് പോകാൻ തുടങ്ങുന്നു. ”
പോകാനായി റിവേഴ്എടുത്ത് തിരിക്കാൻ തുടങ്ങിയ കാറിനു കുറുകെയെത്തിയതും വണ്ടി നിർത്തിച്ച് പോലീസ് ഓഫീസർ ഇറങ്ങി. ഡൈവറെ വിളിച്ചിറക്കി അതീവ സ്നേഹത്തോടെ അവന്റെ കാതിൽ മൊഴിഞ്ഞു. “പരാതി കിട്ടിയിട്ടുണ്ട്. അകത്തു പോണോ അതോ സാധനം ഇങ്ങു തന്നേക്കുന്നോ …?”

രണ്ടുമിനിട്ടിനുള്ളിൽ കാറിന്റെ സീറ്റിനടിയിൽ നിന്നും എന്റെ പേഴ്സ് പുന:രുത്ഥാനം ചെയ്തു. ഞാൻ ഹാപ്പി.    ‘ഭഗവതിക്ക് സ്തുതി. ആ മിടുക്കൻ പൊലീസ് ഓഫീസർ ക്കും.’
സംഭവം ശുഭപര്യവസായിയായതുകൊണ്ട് അതിനിടെ നടന്ന ചില സംഭാഷണ ശകലങ്ങൾ പിന്നീട് ചിരിക്കു വകയായി. അതിലൊന്നാണ് കള്ളൻ ഡ്രൈവറും അനിയനും തമ്മിൽ നടന്ന ഈ ഭാഷണം.

വീട്ടുകാർക്ക് ഒരു ഉപദേശം: താൽക്കാലിക ജോലിക്ക് ആളേ വിളിക്കുമ്പോൾ ആളറിഞ്ഞു വിളിക്കുക. കാലം വല്ലാത്തതാണ്.

Back to top button
error: