HealthNEWS

ഒരു ആരോഗ്യ പ്രവർത്തകനും കേരളത്തിൽ ആക്രമിക്കപ്പെടരുത് !

കേരളത്തിന്റെ ആരോഗ്യരംഗവും ഡോക്ടർമാരും ലോകത്തെ ഏത് അന്താരാഷ്ട്ര മാതൃകകളേക്കാളും മികച്ചതാണ്- അത് കൊണ്ട് തന്നെ അവർ തീർച്ചയായും മെച്ചപ്പെട്ട പരിഗണനയർഹിക്കുന്നു.
നിങ്ങൾക്ക് ഒരു എംആർഐ (MRI) എടുക്കേണ്ട സാഹചര്യമുണ്ടെന്ന് വെക്കുക.
ശരാശരി 4000 രൂപയാണ് കേരളത്തിൽ അതിന്റെ ചിലവ്.
അതേ സ്കാൻ ഗൾഫ് നാടുകളിൽ വെച്ചാണ് എടുക്കുന്നതെങ്കിലോ? ചുരുങ്ങിയത് 10 ഇരട്ടിയെങ്കിലും വരും അതിന്റെ വില.
അതേ സ്കാൻ ആരോഗ്യം പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള ഇംഗ്ലണ്ടിൽ വെച്ചാണ് ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് മൂന്ന് മാസത്തെ കാത്തിരിപ്പ് വേണ്ടിവരും വെയിറ്റിംഗ് ലിസ്റ്റ് കടന്നു കിട്ടാൻ.
കോവിഡ് ലോകം മുഴുവൻ സംഹാരതാണ്ഡിയപ്പോൾ രോഗബാധിതരിൽ ഹെൽത്ത് ഇൻഷൂറൻസ് ഇല്ലായെന്ന കാരണത്താൽ രോഗമുണ്ടോയെന്നറിയാനുള്ള കോവിഡ് ടെസ്റ്റ് പോലും നിഷേധിക്കപ്പെട്ട് മരണപ്പെട്ടവർ ആയിരങ്ങളുണ്ട് അമേരിക്കയിൽ.
നമ്മളെടുക്കുന്ന ഇൻഷുറസിന്റെ കനമനുസരിച്ചാണ് അവിടെ ചികിത്സ കിട്ടുക.
ഏറ്റവും കൂടുതൽ രോഗങ്ങൾ വരുന്ന വാർധക്യത്തിൽ ഭാരമേറിയ ഇൻഷൂറൻസ് പ്രീമിയം താങ്ങാൻ കഴിയാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗമുണ്ടവിടെ.
ആഫ്രിക്കയടക്കമുള്ള മൂന്നാം രോഗ രാഷ്ട്രങ്ങളും നമ്മുടെ ഉത്തരേന്ത്യ പോലും ഡോക്ടർമാരടക്കമുള്ള qualified manpowerന്റെ ദുർലഭ്യതയാലും, ഏറ്റവും മുന്തിയ ആരോഗ്യ സാങ്കേതിക വിദ്യകൾ പോയിട്ട് അടിസ്ഥാന സംവിധാനങ്ങൾ പോലുമില്ലാതെ നരകിക്കുന്ന ഇടങ്ങളാണ്. പത്താം ക്ലാസ് പാസാകാത്തവൻ പോലും വ്യാജ ഡോക്ടറായി വിലസുന്നയിടം. സ്പെഷലിസ്റ്റിനെ കാണാം ദൂരെ നഗരങ്ങളിൽ ശരാശരി 1000 രൂപ ഫീസ് കൊടുക്കണം.
ആ സ്ഥാനത്താണ് കൈയ്യെത്തും ദൂരത്തു എല്ലാ സൗകര്യങ്ങളുമുള്ള സ്പെഷ്യാലിറ്റി ആശുപത്രികൾ കേരളം മുഴുവൻ ലഭ്യമാകുന്നത്.
പടിഞ്ഞാറും ഗൾഫ് രാജ്യങ്ങളിലും ഒരു ഡോക്ടർ ദിവസം 8 മണിക്കുർ വെച്ച് പരമാവധി 48 മണിക്കൂറേ ജോലി ചെയ്യേണ്ടതുള്ളൂ. ഏറ്റവും തിരിക്കുള്ള ദിവസം പോലും ഇംഗ്ലണ്ടിൽ ഒരു ഡോക്ടർ 30 രോഗികളെയേ കാണേണ്ടതുള്ളൂ. ഒരു ആ സ്ഥാനത്താണ് 300ന് മുകളിൽ രോഗികളെ നിത്യേന കാണാൻ നിർബന്ധിരാകുന്ന സർക്കാർ ഡോക്ടർമാർ കേരളത്തിലുള്ളത്.ഈ തിരക്ക് കുറക്കാൻ ഉത്തരവാദിത്വമുള്ള ജനപ്രതിനിധികൾ അത് ചെയ്യാതെ ഡോക്ടർമാർക്കെതിരെയുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണെന്നത് ഖേദകരം തന്നെ.
ഇത്രയും ഒപി പകൽ മുഴുവൻ നോക്കി കഴിഞ്ഞ് രാത്രി നേരം വെളുക്കുവോളം ലേബർ റൂമിലാണ് മിക്ക ഗൈനക്കോളജിസ്റ്റുകളുടെയും ജീവിതം. പകൽ മുഴുവൻ ആശുപത്രി OPയിലും രാത്രി മുഴുവൻ ലേബർ റൂമിലുമായി ഒരു അവധിദിനം പോലുമില്ലാതെ വർഷങ്ങളോളമായി ജീവിതം കളഞ്ഞുപോയ എത്രയോ സീനിയർ ഗൈനക്കോളജിസ്റ്റുകളുണ്ട് നമ്മുടെ നാളിൽ. കുടുംബ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും എല്ലാ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടവരായി.
ഈ സ്ഥാനത്ത് മിക്ക വികസിത നാടുകളിലും റെസിഡന്റ് സിസ്റ്റമാണ് നിലവിലുള്ളത്. അതായത് ഇവിടെ ഒരു സ്പെഷലിസ്റ്റ് ചെയ്യുന്ന പണി ചുരുങ്ങിയത് ഏഴ് പേരാണ് ചെയ്യുക. ആഴ്ചയിലെ ഒരോ ദിവസത്തെ നൈറ്റ് ഡ്യൂട്ടി കവർ ചെയ്യാൻ ഓരോ ആളുകൾ. കൂടാതെ കൺസൽട്ടൻഡുമാർ എന്ന സീനിയർമാരും. കൃത്യം എട്ട് മണിക്കൂർ ജോലി കഴിഞ്ഞാൽ ആശുപത്രിയിലെ ഒരു ഫോൺ കോൾ പോലും നിങ്ങളെ ശല്യം ചെയ്യില്ല.
ഈ ഒരു സിസ്റ്റം നടപ്പിലാക്കുന്നതിന്റെ വിലയാണ് തുടക്കത്തിൽ MRI സ്കാനിങ്ങിന്റെ വിലയിൽ പറഞ്ഞ പോലെ പത്തിരട്ടിയായി രോഗി നൽകേണ്ടി വരുന്നത്.
സമൂഹത്തിന് ഈ ഒരു ബാധ്യത ലഘൂകരിക്കാനാണ് കേരളത്തിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ അവരുടെ ജീവിതം ഹോമിച്ചു തീർക്കുന്നത്. രാവെന്നോ പകലെന്നോ നോക്കാതെ, ഇല്ലാത്ത സൗകര്യങ്ങൾ കൊണ്ട് പരമാവധി  സൗകര്യങ്ങൾ ഉണ്ടാക്കി രോഗികളെ പരിചരിച്ചിരുക്കുന്നവരാണ് അവർ ..
പലപ്പോഴും സ്വന്തം സുരക്ഷപോലും നോക്കാതെയാണ് ഇവർ രോഗികളെ പരിചരിച്ചിരുന്നത്.
ഉദാഹരണങ്ങൾ ഏറെയുണ്ട്..
നിപ രോഗികളെ പരിചരിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന കോഴിക്കോട്ടുകാരിയായ സിസ്റ്റർ ലിനി…
  കൊൽക്കത്തയിലെ എഎംആർഐ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അവിടുത്തെ തന്നെ നഴ്സുമാരായിരുന്ന കോട്ടയം ഉഴവൂർ സ്വദേശിനി രമ്യ, കോട്ടയം കോതനല്ലൂർ സ്വദേശിനി വിനീത..
 ആളിപ്പടരുന്ന അഗ്നിനാളങ്ങൾക്കിടയിൽ നിന്ന്  തങ്ങളുടെ വാർഡിൽ അഡ്മിറ്റായിരുന്ന ആ ഒമ്പതു രോഗികളെയും സുരക്ഷിതമായി ഷിഫ്റ്റ് ചെയ്തതിനുശേഷമാണ് ഇരുവരും മരണത്തിന് കീഴടങ്ങുന്നതെന്ന് ഓർക്കണം..ഇങ്ങനെ എത്രയെത്ര പേർ വേറെ!
സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കാൻ വർഷങ്ങളുടെ കാലതാമസമുണ്ടായപ്പോൾ അത് ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന നഴ്സുമാരുടെ നേരെ ലാത്തിവീശിയ ആ പൊലീസുകാരെയും അവർക്ക് നിർദ്ദേശം നൽകിയവരെയും ഇതോടൊപ്പം ഓർക്കണം.
  രാപകൽ ഭേദമില്ലാതെയും സമയക്രമം തെറ്റാതെയും മരുന്നും ശുശ്രൂഷയും നൽകി,കൃത്യനിർവഹണവ്യഗ്രതയാൽ പലപ്പോഴും ഉണ്ണാതെയും ഉറങ്ങാതെയും രോഗികൾക്ക് കാവലിരിക്കുന്നവരാണ് ആശുപത്രി ജീവനക്കാർ.ഇപ്പോഴും വളരെ തുച്ഛമായ ശമ്പളത്തിലാണ് ഇവരിൽ ഭൂരിഭാഗവും പണിയെടുക്കുന്നത്. അതും പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന സേവനത്തിനു ശേഷവും!
സേവനം.. അതാണല്ലോ അതിനു ചേരുന്ന വാക്കും !!

Back to top button
error: