തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മകന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബി സുധയുടെ മകൻ അമൽകൃഷ്ണന്റെ (31) മരണത്തിൽ വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 1 ന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സിപിഎം ലോക്കൽ സെക്രട്ടറിയും അമൽ കൃഷ്ണയും തമ്മിൽ തല്ലുണ്ടായിരുന്നു. പരിക്കേറ്റ അമൽ ചികിത്സ തേടുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജ്യോതിലാൽ ഉൾപ്പടെ ഉള്ളവരായിരുന്നു മർദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇരുക്കൂട്ടർക്കുമെതിരെ കേസെടുത്തിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ അമൽ കൃഷ്ണ ഇന്ന് രാത്രി 8 മണിയോടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അമൽ കൃഷ്ണയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികളായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ് കുമാറും ആവശ്യപ്പെട്ടു. നേതാക്കളുടെ വഴിവിട്ട ജീവിതം ചോദ്യം ചെയ്യുന്ന പ്രവർത്തകരെ തല്ലിക്കൊല്ലുന്നതാണ് സിപിഎമ്മിൻറ് പുതിയ രീതിയെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് പറഞ്ഞു.
അമൽ കൃഷ്ണയ്ക്ക് ക്രൂരമായ മർദ്ദനമേറ്റിട്ടും സിപിഎം ജില്ലാ നേതൃത്വം മർദ്ദിച്ച പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കൊലപാതകം സ്വാഭാവിക മരണമാക്കി മാറ്റാനുള്ള അറിയറ നീക്കം സിപിഎം നേതൃത്വം തുടങ്ങിയിട്ടുണ്ട്. അമൽ കൃഷ്ണയുടേത് വ്യക്തമായ കൊലപാതകമാണ്. സിപിഎം നേതാക്കളായ പ്രതികളെ രക്ഷിക്കാൻ പാർട്ടിയും പൊലീസും ശ്രമിച്ചാൽ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻറെ അറിയിച്ചു.