CrimeNEWS

രണ്ടാം ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മൂന്നാം ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാരേറ്റ് പേടികുളം പവിഴത്തില്‍ എസ്.രാജേന്ദ്രന്‍(62) ആണ് ഭാര്യ ശശികല(57)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം. ഇരുവരും മാത്രമേ പേടികുളത്തെ വീട്ടില്‍ താമസമുള്ളൂ. എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വ സംഭവം നടന്ന വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനല്‍ച്ചില്ല് പൊട്ടിച്ചുമാറ്റി നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ മുഖത്ത് തലയിണവെച്ചനിലയില്‍ ശശികലയെ കണ്ടു. വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു.

തുടര്‍ന്ന് കിളിമാനൂര്‍ പോലീസില്‍ വിവരമറിയിച്ചു, പോലീസെത്തി കതക് ചവിട്ടിത്തുറന്ന് വീടിനകത്തു നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ രാജേന്ദ്രനെയും കണ്ടത്. ശശികലയെ രാജേന്ദ്രന്‍ രണ്ടാമത് വിവാഹം കഴിച്ചതാണ്. ആദ്യഭാര്യ ഏഴുവര്‍ഷം മുന്‍പ് രോഗബാധിതയായി മരിച്ചു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഇവര്‍ മൂവരും വിവാഹിതരാണ്. അഞ്ചുവര്‍ഷം മുന്‍പാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്. ഇവര്‍ക്ക് മക്കളില്ല.

അടുത്തിടെ ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായത് കൊച്ചിയില്‍ ജോലി ചെയ്യുന്ന മകന്‍ അരുണ്‍രാജ് വീടിനുള്ളിലെ നിരീക്ഷണ ക്യാമറ വഴി കണ്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസിയെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചത്. ജലസേചന വകുപ്പില്‍നിന്നു വിരമിച്ച രാജേന്ദ്രനു വീടിനു മുന്നിലുള്ള സ്വന്തം കടകളില്‍ ഒന്നില്‍ സിമന്റിന്റെ ഏജന്‍സിയുണ്ട്. മറ്റു കടകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്റുമാണ്.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാജേന്ദ്രന്റെ മൃതദേഹം പേടികുളത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശശികലയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വാവറയമ്പലത്തെ വീട്ടിലേക്കും കൊണ്ടുപോയി സംസ്‌കാരം നടത്തി.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: