NEWSSports

ഫൈനലിലെ തോൽവിക്ക് പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു

പനാജി: ഐ.എസ്.എൽ ഫൈനലിലെ തോൽവിക്ക് പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു എഫ്‌.സി ഉടമ പാർഥ് ജിൻഡാൽ.ചില
തെറ്റായ തീരുമാനങ്ങൾ വലിയ രീതിയിൽ മത്സരങ്ങളെ സ്വാധീനിക്കുമെന്നും വാർ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്. ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു.ചില തീരുമാനങ്ങൾ ഞെട്ടിക്കുന്നതായിരുന്നു’ -ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ ഐ.ടി.കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബംഗളൂരു പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന് സ്കോറിൽ സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 എന്ന സ്കോറിനായിരുന്നു എ.ടി.കെയുടെ കിരീടധാരണം.
നിശ്ചിത സമയത്ത് എ.ടി.കെ നേടിയ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു.ഇതിനെതിരെയായിരുന്നു
ജിൻഡാലിന്റെ പ്രതികരണം.
അതേസമയം പാർഥ് ജിൻഡാലിന്റെ ട്വീറ്റിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കർമ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്ന് നിരവധി ആരാധകർ ഇതിനു താഴെ ട്വീറ്റ് ചെയ്തു. ‘റഫറി കാരണം ഫൈനലിലെത്തി, റഫറി കാരണം ഫൈനൽ തോറ്റു, സമതുലിതം’ -ഒരാൾ പോസ്റ്റ് ചെയ്തു.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്‌കരിച്ചത് നേരത്തെ പാർഥ് ജിൻഡാൽ ചോദ്യം ചെയ്തിരുന്നു. ബഹിഷ്‌കരണ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Back to top button
error: