റാന്നി: കിഴക്കൻ മലയോര മേഖലയുടെ വികസനകുതിപ്പ് ഉറപ്പാക്കിക്കൊണ്ട് തിരുവനന്തപുരം മുതൽ അങ്കമാലിവരെ എം.സി. റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്ക് നീട്ടണം.
നിർദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിൽ തിരുവനന്തപുരത്തെ പുളിമാത്തു നിന്നാണ് ഗ്രീൻഫീൽഡ് പാതയുടെ തുടക്കം.പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ,വെഞ്ചേമ്പ് (പുനലൂർ), പത്തനാപുരം, കോന്നി, തണ്ണിത്തോട്, ചെത്തോങ്കര(റാന്നി),മണിമല, ചേനപ്പാടി,കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മുവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂർ, മഞ്ഞപ്ര, കാലടി എന്നീ സ്ഥലങ്ങൾ പിന്നിട്ട് അങ്കമാലിയിലാണ് പാത അവസാനിക്കുന്നത്.ഇത് മലയാറ്റൂരിൽ നിന്നും നേരെ പൊള്ളാച്ചിയിലേക്ക് നീട്ടുന്നതാവും കേരളത്തിന് എന്തുകൊണ്ടും അനുയോജ്യം.
എം.സി.റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കിഴക്കൻ തോട്ടം മേഖലയുടെ വികസനത്തിനും ഇതുവഴി സാധിക്കും.ഒപ്പം കോതമംഗലം ചെറിയ പള്ളി, മലയാറ്റൂർ പള്ളി, ശബരിമല, ഭരണങ്ങാനം, പഴനി, തഞ്ചാവൂർ വേളാങ്കണ്ണി,നാഗൂർ, രാമേശ്വരം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും ഭൂതത്താൻ കെട്ട്, മൂന്നാർ കൊടൈക്കനാൽ, വാൽപ്പാറ ഉൾപ്പെടെയുള്ള ടൂറിസം മേഖലകളിലേക്കുമുള്ള ദൂരം കുറയുകയും ചെയ്യും.
തെക്കൻ കേരളത്തിൽ നിന്നും ഒട്ടൻഛത്രം, കോയമ്പത്തൂർ, തഞ്ചാവൂർ, പോണ്ടിച്ചേരി പോലെ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പാത സഹായിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബംഗളൂരു തിരുപ്പതി, ഹൈദരാബാദ് റോഡ് യാത്രയും ഇതോടെ എളുപ്പമാകും.