NEWSWorld

അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ

പോങ്യാങ്: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോ​ഗിക പത്രമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രം​ഗത്തെത്തിയതായി പത്രം റിപ്പോർട്ട് ചെയ്തത്.

സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്.

Signature-ad

എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ അറിയിച്ചു.

അതേസമയം, ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കഴിഞ്ഞ ദിവസം നടന്നു. ഉത്തര കൊറിയ ഈ വർഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് വ്യാഴാഴ്ച പ്യോങ്യാങ്ങിൽ നടന്നത്. ഇതിൻറെ ചിത്രങ്ങൾ ഔദ്യോഗിക മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾക്ക് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

മോൺസ്റ്റർ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17ൻറെ വിക്ഷേപണമാണ് വ്യാഴാഴ്ച നടന്നത്. ഇത് ആകാശത്തിലേക്ക് ഉയർന്ന് വിജയരമായി പൊട്ടിത്തെറിക്കുകയായിരുന്നു. കിമ്മിൻറെ രണ്ടാമത്തെ മകളായ ജു ഏ ആണ് വിക്ഷേപണ സമയത്ത് കിമ്മിനൊപ്പമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ എടുത്ത ഭൂമിയുടെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

Back to top button
error: