കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്ന ജെസ്റ്റി റോസ്, കുടുംബത്തോടൊപ്പം രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സന്ദർശിച്ച് ലീവ് കഴിഞ്ഞ് മടങ്ങാനിരിക്കെ ഇന്നലെ വാഹനാപകടത്തിൻ്റെ രൂപത്തിൽ വന്ന ദുരന്തം ആ പ്രാണൻ കവർന്നു. കട്ടപ്പനയില്‍ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങും വഴി ഇന്നലെ ഉച്ചകഴിഞ്ഞാണ് ചങ്ങനാശേരി പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന ജെസ്റ്റി റോസ് (40) തൽക്ഷണം മരിച്ചു. ഭർത്താവ് ജെസിനും (42), ഇവരുടെ മക്കളായ ജോവാന് ജെസിന് ജോണ്‍ (10), ജോനാ റോസ് ജെസിന് (6) എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റു.
ബൈക്ക് യാത്രക്കാരനായ കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് (47), ഓട്ടോയിലെ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യയാണ് നഴ്സായ ജെസ്റ്റി. കുവൈറ്റില്‍ നിന്നും ജെസിനും കുടുംബവും രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജെസിന് കുട്ടനാട്ടിലെ കൊടുപ്പുന്ന സ്വദേശിയാണ്. ജെസ്റ്റി തായങ്കരി വടക്കേടം കളത്തിത്തറ കുഞ്ഞച്ചന്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ്.
പത്തുവര്‍ഷംമുമ്പാണ് ഇവര്‍ തൃക്കൊടിത്താനം ഫൊറോനാ പള്ളിക്കുസമീപം സ്ഥലം വാങ്ങി വീടുവച്ചത്. വിദേശത്തുനിന്നും വരുമ്പോള്‍ ഇവിടെയാണ് ഇവര്‍ താമസിക്കുക. അടുത്തിടെ ഈ വീട് വാടകയ്ക്കു നല്കി. അടുത്ത ആഴ്ച കുവൈറ്റിലേക്കു മടങ്ങാനായിരുന്നു ഈ കുടുംബം പ്ലാറിട്ടത്. അതിനിടെ കട്ടപ്പനയില്‍ പോയി ബന്ധുക്കളെ സന്ദർശിച്ചു മടങ്ങുമ്പോള്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.