CrimeNEWS

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ്: രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞ ഇടുക്കി സ്വദേശിനി ഏറ്റുമാനൂർ പോലീസി​ന്റെ പിടിയിൽ

ഏറ്റുമാനൂർ: അതിരമ്പുഴയിലുള്ള മുത്തൂറ്റ് നിധി ലിമിറ്റഡിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മ(41)യെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ അതിരമ്പുഴ പ്രവർത്തിക്കുന്ന മിനി മുത്തൂറ്റ് നിധി എന്ന സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു.

പിന്നീട് സ്വർണം പരിശോധിച്ചതില്‍ നിന്നും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേകം അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇടുക്കി കമ്പിളികണ്ടത്തിൽ നിന്നും യുവതിയെ പിടികൂടുകയായിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ജോസഫ് ജോർജ്, എ.എസ്.ഐ ബിന്ദുമോൾ, സി.പി.ഓമാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, സൈബർ സെൽ ഉദ്യോഗസ്ഥരായ അനൂപ്, കിരൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: