ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ സഹോദരങ്ങള്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൗത്ത് ഡല്‍ഹിയിലെ വസന്തകുഞ്ചിലാണ് സംഭവം. സഹോദരങ്ങളായ ആനന്ദ്, ആദിത്യ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് ഏഴു വയസ്സുകാരന്‍ ആനന്ദിനെ വസന്തകുഞ്ചിലെ സിന്ധി ക്യാംപിനു സമീപത്തുവച്ച് തെരുവുനായ ആക്രമിച്ചത്. രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ച ആനന്ദിന്റെ സഹോദരന്‍ ആദിത്യ(5)നെയും നായ ആക്രമിച്ചു. മൂത്രമൊഴിക്കുന്നതിനായി കുടിലിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി എംപി രമേശ് ബിധൂരി പ്രതികരിച്ചു. ബിജെപി കോര്‍പറേഷന്‍ ഭരിച്ചിരുന്നപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. തെരുവു നായ്ക്കളെ പിടിക്കുക എന്നത് കോര്‍പറേഷന്റെ ചുമതലയാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ല. അവര്‍ അഴിമതിയുടെയും പ്രതിഷേധത്തിന്റെയും മന്ത്രിമാരെ നിയമിക്കുന്നതിന്റെയും തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.