Movie

‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ട് പാടാൻ യേശുദാസ് ആദ്യം തയ്യാറായില്ല, പക്ഷേ അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തു ആ ഗാനം

യേശുദാസ്

   ‘മിഴിനീർപ്പൂവുകൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിമ്പോഴാണ് മോഹൻലാലിന് സ്വന്തമായി ഒരു സിനിമനിർമിക്കാനുള്ള മോഹമുദിച്ചത്. നല്ലൊരു കഥ അന്വേഷിക്കാൻ തുടങ്ങി ലാൽ. ആ അന്വേഷണം എത്തി നിന്നത് ജോൺ പോളിലായിരുന്നു. തൻ്റെ പ്രഥമ സംരംഭത്തിൻ്റെ സംവിധാന ചുമതല കമലിനെ തന്നെ ഏൽപ്പിക്കാനാണ് ലാൽ തീരുമാനിച്ചത്. ‘മിഴിനീർപൂവുക’ളുടെ നായകൻ നിർമ്മിക്കുന്ന ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ചുമതല കമലിന് കിട്ടിയ വലിയ അംഗീകാരമായി.

മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ പറ്റിയ ഒരു കഥയാണ് വേണ്ടത്. പല കഥാതന്തുക്കളും ചർച്ച ചെയ്തു. ഇതിനിടയിലാണ് ഷമ്മികപൂർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ബ്രഹ്മചാരി’ എന്ന സിനിമ ജോൺ പോളിൻ്റെ ഓർമ്മയിലെത്തിയത്. അനാഥനായ ഒരു യുവാവ്, അവന് ഏറ്റുവാങ്ങേണ്ടി വന്ന അവമതിപ്പുകൾ. അവന് ഒരുപാട് അനാഥ കുഞ്ഞുങ്ങളുടെ രക്ഷകനാകാൻ കഴിഞ്ഞു. ഒടുവിൽ കാലം മധുരമായി പ്രതികാരം ചെയ്യുന്നു.

കമലിനും ആ പ്രമേയം ഇഷ്ടമായി. ദിവസങ്ങൾക്കുള്ളിൽ കഥാതന്തുവിൽ ജോൺ പോൾ ചില കൂട്ടിച്ചേരലുകൾ നടത്തി. കഥ പൂർണ്ണരൂപത്തിലാക്കി. അനാഥ കുട്ടികളെ സംരക്ഷിക്കുന്നു എന്നതൊഴിച്ചാൽ പ്രമേയത്തിന് പൂർണ്ണമായും ഒരു സ്വതന്ത്ര സ്വഭാവം ലഭിച്ചു. കമലിനും ഒരു റീമേക്ക് സിനിമയോടു താൽപര്യം ഇല്ലായിരുന്നു. അപ്പോഴും സിനിമയ്ക്ക് ഉചിതമായ ഒരു പേര് കണ്ടെത്താനായില്ല. ബിച്ചു തിരുമലയായിരുന്നു ഗാനങ്ങൾ. കഥ കേട്ടശേഷം ബിച്ചു ഒരു പേപ്പറിൽ ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന് എഴുതി സംവിധായകനും തിരിക്കഥാകൃത്തിനും നേരെ നീട്ടി. പേര് കേൾക്കുമ്പോൾ തന്നെ പ്രമേയത്തെക്കുറിച്ച് ഒരുൾകാഴ്ച കിട്ടും. അതുകൊണ്ടു തന്നെ ആ പേര് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുതന്നെ മതി എന്ന് എല്ലാവരും തീരുമാനിച്ചു. സിനിമയുടെ പേര് ഒരു ഗാനത്തിന്റെ ആദ്യ വരിയായി ബിച്ചു തിരുമല എഴുതി. അദ്ദേഹത്തിൻ്റെ വരികളും ഔസേപ്പച്ചന്റെ സംഗീതവും ചേർന്നപ്പോൾ ഗാനം പ്രേക്ഷക സഹസ്രങ്ങൾ ഏറ്റെടുടുമെന്ന് ഉറപ്പായി. ആ ഗാനം ഔസേപ്പച്ചൻ പറഞ്ഞുകൊടുത്ത് യേശുദാസ് പാടിയപ്പോൾ കമലിന് ചില സന്ദേഹങ്ങൾ തോന്നി. കുട്ടികളെ കേന്ദ്രീകരിച്ചുള്ള സിനിമയല്ലേ ദാസേട്ടൻ ഒരു കുട്ടിക്കളി പോലെയാണോ അത് ഉൾക്കൊണ്ട ആലപിച്ചത് …? കുട്ടികളുടെ സിനിമയിൽ, ആ വികാരവായ്പോടെ ദാസേട്ടൻ അത് ആലപിച്ചാൽ നന്നായിരിക്കും എന്നാണ് കമൽ ഉദ്ദേശിച്ചത്.

പക്ഷേ കമലിന്റെ ആ സന്ദേഹം യേശുദാസിനെ ചോടിപ്പിച്ചു, അദ്ദേഹം വഴക്കിട്ട് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോയി. കമൽ പറഞ്ഞത് യേശുദാസ് ആ അർത്ഥത്തിൽ ഉൾക്കൊണ്ടില്ലെന്നു സാരം. അപ്പോഴത്തേ വികാരത്തള്ളലാണ് യേശുദാസ് അങ്ങനെ പെരുമാറിയത്. പക്ഷേ കുറച്ചു കഴിഞ്ഞ് ക്ഷോഭം ഒന്നടങ്ങിയപ്പോൾ അദ്ദേഹം തിരിച്ചു വന്നു. കമൽ ആഗ്രഹിച്ചതിനെക്കാൾ ഇരട്ടി വികാര വായ്പോടെ ഗാനം യേശുദാസ് വീണ്ടും പാടി…! കേട്ടിരുന്നവരൊക്കെ കോരിത്തരിച്ചു പോയ ഒരു മുഹൂർത്തമായിരുന്നു അത്. ആ ഗാനം പിന്നീട് യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തു എന്നത് ചരിത്രം.

Back to top button
error: