IndiaNEWS

ദില്ലി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ ഇനിയും ചോദ്യം ചെയ്യും; രാഷ്ട്രീയ വേട്ടയാടലെന്ന് ബിആർഎസ്

ദില്ലി: ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. അതേസമയം, രാഷ്ട്രീയ വേട്ടയാടലെന്ന ആരോപണം ബിആർഎസ് ശക്തമാക്കി.

രാവിലെ 11 മണിയോടെ ദില്ലി തുഗ്ലക് റോഡിലെ ഇഡി ഓഫീസിൽ ഹാജരായ കവിത രാത്രി എട്ടിനാണ് പുറത്തിറങ്ങിയത്. നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി.  അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കവിതയെ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരിച്ചു.

അടുത്ത വ്യാഴാഴ്ച വീണ്ടും ഹാജരാകാനാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഹൈദാബാദിൽ നിരവധിയിടങ്ങളിൽ മോദിക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനായി ബിജെപി മാറിയെന്നാണ് വിമർശനം. ദില്ലിയിൽ ബിജെപി നേതാക്കളുടെ കോലം കത്തിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു. അതേസമയം, മദ്യനയ കേസിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ നിരവധി ഫോണുകൾ കവിത നശിപ്പിച്ചുകളഞ്ഞെന്നും എല്ലാറ്റിനും ഉത്തരം നൽകേണ്ടി വരുമെന്നും ബിജെപി തിരിച്ചടിച്ചു.

Back to top button
error: