IndiaNEWS

ഭാര്യക്കു  നൽകുന്ന ജീവനാംശം വെട്ടിക്കുറയ്ക്കണമെന്ന്  ഭർത്താവ്, പൊളിച്ചടുക്കി കോടതി

   വിവാഹം കഴിച്ച ശേഷം ഭാര്യയുടെ തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഭർത്താവ്  ബാധ്യസ്ഥനെന്ന് കോടതി.  വരുമാനം ചൂണ്ടിക്കാട്ടി ഭാര്യയുടെ ജീവനാംശം വെട്ടിക്കുറയ്ക്കണം എന്ന ഭർത്താവിൻ്റെ ഹർജിയിലാണ് ഡെൽഹി അഡീഷണൽ സെഷൻസ് കോടതി രൂക്ഷ വിമർശനം നടത്തിയത്. കീഴ്‌ക്കോടതി നിശ്ചയിച്ച പ്രതിമാസം 8,000 രൂപ ജീവനാംശം നൽകാൻ ഭർത്താവിന് കോടതി കർശന നിർദ്ദേശം നൽകി.

‘വിവാഹത്തിന് മുമ്പ് ആണുങ്ങൾ നിറയേ വാഗ്ദാനങ്ങളാണ് നൽകുന്നത്. സമ്പാദിക്കാനുള്ള വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു, എന്നാൽ വിവാഹശേഷം, ബന്ധം വഷളാകുമ്പോൾ അയാൾ തൊഴിൽരഹിതനാണെന്ന് പറയുന്നു. ഒരു വ്യക്തി വിവാഹിതനാകുമ്പോൾ, അതിനോടൊപ്പം വരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവണം.’ കർക്കർദൂമയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അരുൺ സുഖിജ പറഞ്ഞു.

യുവാവിന്റെ വിവാഹ നിശ്ചയവും വിവാഹവും പഞ്ചനക്ഷത്ര ഹോട്ടലിലാണ് നടന്നത്. എന്നാൽ മാസം നാലായിരം രൂപ മാത്രമാണ് വരുമാനമെന്നാണ് ഇപ്പോൾ യുവാവ് പറയുന്നത്. പിന്നെ എങ്ങനെ എണ്ണായിരം രൂപ ജീവനാംശം നൽകുമെന്നാണ് അയാൾ വാദിച്ചത്. തെളിവിനായി തഹസിൽദാറിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.

ഒരു തഹസിൽദാർക്ക് ഇങ്ങനെ ഒരാളുടെ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ഏതു രീതിയിൽ കഴിയുമെന്ന് സെഷൻസ് കോടതി ആശ്ചര്യപ്പെട്ടു. നാലായിരം രൂപ വരുമാനമുള്ളയാൾ താൻ ഗഡുക്കളായി അടയ്ക്കുന്ന ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ഇത്രയും കുറഞ്ഞ വരുമാനത്തിൽ ഏത് ബാങ്കാണ് അദ്ദേഹത്തിന് വായ്പ നൽകിയതെന്നും കോടതി ചോദിച്ചു.

ജീവനാംശം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഭാര്യ നല്ല വിദ്യാഭ്യാസം ഉള്ളവളാണെന്നും മാസവരുമാനം 80,000 രൂപയാണെന്നും ഇൻഡിഗോ എയർലൈൻസിലാണ് ജോലി ചെയ്യുന്നതെന്നും ഭർത്താവ് പറഞ്ഞിരുന്നു. 4000 രൂപ ശമ്പളമുള്ള ഒരാൾക്ക് മാസം 80,000 രൂപ വരുമാനമുള്ള മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് എങ്ങനെയെന്ന് ദഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ വസ്തുതകളും വ്യാജവും കെട്ടിച്ചമച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: