KeralaNEWS

കേരളത്തിൽ ഒരു വികസനവും വരരുതെന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാട്: എം.വി. ഗോവിന്ദൻ

കോട്ടയം: കേരളത്തിൽ ഒരു വികസനവും വരരുതെന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ എല്ലാ മേഖലയെയും ലോകോത്തര നിലവാരത്തിലാക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അതിദരിദ്രരായി കണ്ടെത്തിയ എല്ലാവരെയും പൊതുസമൂഹത്തിന്റെ ഭാഗമാക്കുമെന്നും അതിനൊപ്പം ജീവിതനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമാക്കി ഉയർർത്തുമെന്നും ജനകീയ പ്രതിരോധജാഥയുടെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി. സർക്കാർ ദത്തെടുക്കുന്നത് ഈ കുടുംബങ്ങളെയാണ്. എന്നാൽ മോദി സർക്കാർ അംബാനി- അദാനി കുടുംബത്തെയാണ് ദത്തെടുത്തത്. ജനങ്ങളുടെ സമ്പത്ത് ഊറ്റി മോദി സർക്കാർ ശതകോടീശ്വരന്മാർക്ക് നൽകുന്നു. ഇവിടെയാണ് കേരള സർക്കാർ ബദലാകുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒരേപോലെ ഉയർന്ന ജീവിത നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വേണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തവരാണ് യുഡിഎഫ്. എന്നാലിപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി ദേശീയപാത 66 യാഥാർഥ്യമാകുന്നു. കെ റെയിൽ വന്നാൽ കുടുംബശ്രീ ഉൽപ്പാദകർക്ക് ഏത് നിലയിൽ പ്രയോജനപ്പെടുമെന്ന് പറഞ്ഞപ്പോൾ ചിലർക്ക് പൊള്ളിയതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: