KeralaNEWS

പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ, സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡൻ്റ്, പ്രഹരമേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ സെയിൽസ് ഗേളായ ബിന്ദു

   മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ കരാര്‍ ജീവനക്കാരിയുടെ കാലില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്.

കാലിന്റെ ഞരമ്പിന് സാരമായപരിക്കേറ്റ പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Signature-ad

കഴിഞ്ഞ നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കാന്റീനിലേയ്ക്ക് കൊണ്ടു വന്ന സാധനങ്ങള്‍ ഇറക്കിവെച്ച്‌ ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്നു. അവിടേയ്ക്ക് രോഷാകുലനായി കടന്നു വന്ന അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്‌സ് എല്ലാവരെയും അസഭ്യം വിളിച്ച്‌ സ്റ്റൂള്‍ ചവിട്ടി തെറിപ്പിക്കുകയായിരുവത്രേ.

സ്റ്റൂള്‍ ആയത്തിൽ ചെന്ന് തട്ടിയത് സെയില്‍സ് ഗേള്‍ ആയ ബിന്ദുവിന്റെ കാലിൽ.
”സ്റ്റൂളിൽ ഒറ്റ ചവിട്ടായിരുന്നു സാറ്, അത് ശക്തിയോടെ വന്നു തട്ടിയത് എന്‍റെ കാലിന്‍റെ മുട്ടിന്‍ മേലെ. വേദന കൊണ്ട് നടക്കാന്‍ പോലും പറ്റാതെ സാധനങ്ങള്‍ നിരത്തി വച്ചിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു. ഇതിനിടയില്‍ സാര്‍ കേറി മുകളിലോട്ട് പോയി.”
അന്ന് സംഭവിച്ചതിനേക്കുറിച്ച് ബിന്ദു പറയുന്നു.

കാലിലെ ഞരമ്പിനേറ്റ തകരാറ് നടുവിന്‍റെ ഡിസ്ക് തകരാറിലേക്കും നീണ്ടും. ഇതോടെ കുനിയാന്‍ പോയിട്ട് നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായി ബിന്ദുവിന്.

പിന്നീട് ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചു. എന്നാല്‍ അന്ന് ഉറപ്പ് നല്‍കിയ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ബിന്ദു പറയുന്നു. കാലിന്റെ ഞെരമ്പിനേറ്റ പരിക്ക് നാലു മാസം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഗുരുതരമായി.

ഇതോടെയാണ് ബിന്ദു സുരേന്ദ്രന്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്‌സിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു.

അസഭ്യം പറയല്‍, ഏതെങ്കിലും വസ്തുകൊണ്ട് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

Back to top button
error: