Movie
ജോൺപോൾ- മോഹൻ ടീം ഒരുക്കിയ, ഗോപിയുടെ അഭിനയ മികവ് കൊണ്ടു ശ്രദ്ധേയമായ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം
സിനിമ ഓർമ്മ
ഗോപി മികച്ച നടനുള്ള അവാർഡ് നേടിയ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം. 1983 മാർച്ച് 10 നാണ് മോഹൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. കഥ ആന്റണി ഈസ്റ്റ്മാൻ. തിരക്കഥ ജോൺപോൾ.
വഴക്ക് പറഞ്ഞാലും അഭിനന്ദിച്ചാലും കരഞ്ഞു പോകുന്ന ഒരു പാവമുണ്ടായിരുന്നു ഓഫീസിൽ. അയാളെക്കുറിച്ച് ഭാര്യ പറയുന്നത് കേട്ടപ്പോൾ സാഹിത്യകാരനായ ഭർത്താവിന് ഒരാശയം തോന്നി. ഭാര്യ അയാളോട് പ്രേമം അഭിനയിക്കട്ടെ! ‘കുസൃതിയോടെ കോർത്ത നൂലിഴകൾ അഴിയാക്കുടുക്കായി മുറുകുകയാണെ’ന്ന്’ ഭാര്യ ഭയപ്പെട്ടപ്പോഴും ഭർത്താവ് പരീക്ഷണത്തിൽ അഭിരമിച്ചതേയുള്ളൂ. പക്ഷെ എഴുത്തുകാരൻ മനസിലൂട്ടി വളർത്തിയ കഥാപാത്രം കണക്കുകൂട്ടലുകളാകെ തെറ്റിച്ചു. തന്നെ ഭാര്യാഭർത്താക്കന്മാർ ചേർന്ന് കുരങ്ങ് കളിപ്പിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയ അയാൾ ആത്മഹത്യ ചെയ്‌തു. ഭാര്യക്ക് ഷോക്ക്. ഭർത്താവിന് തുടർന്ന് പഴയ ജീവിതമില്ല. മനസ്സിൽ രചിച്ചതല്ല യാഥാർഥ്യത്തിന്റെ രചന എന്നയാൾ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയിരുന്നല്ലോ.
ഭാര്യാഭർത്താക്കന്മാരായി ഗോപിയും ശ്രീവിദ്യയും. ശുദ്ധഗതിക്കാരനായി നെടുമുടി. മമ്മൂട്ടി, പൂർണിമ ജയറാം, ജഗതി എന്നിവരുമുണ്ടായിരുന്നു. മുല്ലനേഴി-എംബി ശ്രീനിവാസൻ ടീമിന്റെ രണ്ട് ഗാനങ്ങളിൽ ജാനകി പാടിയ ‘കാലമയൂരമേ’ ശ്രദ്ധേയമായി.
‘രചന’യ്ക്ക് മുൻപേ ‘രണ്ട് പെൺകുട്ടികൾ’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിട പറയും മുൻപേ’, ‘ഇടവേള’ എന്നീ ചിത്രങ്ങളാൽ ശ്രദ്ധേയനായിരുന്നു മോഹൻ. ജോൺപോൾ ചാമരം, പാളങ്ങൾ, ഓർമ്മയ്ക്കായി എന്നീ വിശ്രുത ചിത്രങ്ങൾക്ക് ശേഷമാണ് ‘രചന’യ്ക്ക് തിരക്കഥയെഴുതുന്നത്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ