KeralaNEWS

സ്വപ്നയുടെ വെളിപ്പെടുത്തൽ: സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല, നിയമപരമായി നേരിടാന്‍ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: സ്വപ്നയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസം സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇനിയും അപഹാസ്യനാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ? കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്തുകളയും എന്ന് ഭീഷണിയെന്നും സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറിയെന്നും കെ സുധാകരൻ പറഞ്ഞു.

മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്കാന്‍ തയാറായി നില്ക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സിപിഎം വിനിയോഗിക്കുന്നത്. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സിപിഎം ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുമ്പ് പരാമര്‍ശിച്ചിട്ടുള്ള അവതാരങ്ങള്‍ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാര്‍മികവുമായ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എംവി ഗോവിന്ദന്റെ മറുപടി. സിപിഎം ജാഥ നടക്കുന്നതിനിടെയാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ എംവി ഗോവിന്ദനെതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Back to top button
error: