പത്തനംതിട്ടയിൽ എസ് ഐയുടെ യാത്രയയപ്പ് പാർട്ടിക്കിടെ മദ്യപിച്ചു തമ്മിൽ തല്ലിയ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ എ.എസ്.ഐ ഗിരി ഡ്രൈവർ ജോൺ ഫിലിപ്പ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.ഇവരുടെ കൂടെ തല്ലുണ്ടാക്കിയ എസ്.ഐ അജയകുമാറിന് ട്രാൻസ്ഫർ ലഭിച്ചതിനാൽ നടപടിയിൽ നിന്ന് ഒഴിവായി.
പത്തനംതിട്ട ഏ ആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറായ അജയകുമാറിന് എസ്.ഐ പദവിയിലേക്ക് പ്രമോഷൻ കിട്ടുകയും തിരുവനന്തപുരം എസ്.എസ്.ബി യിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വച്ച് മദ്യസൽക്കാരം സംഘടിപ്പിച്ചത്.
പാർട്ടിക്കിടെയാണ് അജയകുമാറും എ.എസ്.ഐ ഗിരിയും ചേർന്ന് ഡ്രൈവർ ജോൺ ഫിലിപ്പിനെ മർദ്ദിച്ചത്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ ഡ്രൈവർ ജോൺ ഫിലിപ്പ്, എ.എസ്.ഐ ഗിരി എന്നിവരെ പത്തനംതിട്ട പോലീസ് മേധാവി ഇന്ന് സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എന്നാൽ പാർട്ടി സംഘടിപ്പിക്കുകയും ഇവരോടൊപ്പം അടിപിടിയിൽ പങ്കെടുക്കുകയും ചെയ്ത അജയകുമാർ ഇന്നലെ പത്തനംതിട്ടയിൽ നിന്ന് റിലീവ് ചെയ്തതിനാൽ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.
അജയകുമാർ ഏ.ആർ ക്യാമ്പിൽ ജോലി ചെയ്യുന്ന സമയത്ത് പോലീസ് വാഹനങ്ങളുടെ റിപ്പയറിങ്ങും ആയി ബന്ധപ്പെട്ട നടന്ന ഇടപാടുകളിലെ തർക്കമാണത്രേ അടിപിടിയിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡ്രൈവർ ജോൺ ഫിലിപ്പ് പരാതി നൽകിയിരുന്നു. പാർട്ടിക്കിടയിൽ ഈ കാര്യം ചോദിച്ചതോടെയാണ് തല്ലുണ്ടായത്. പോലീസുകാർ പരസ്പരം തമ്മിൽ തല്ലിയത് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ട്. നേരത്തെ അടൂരിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയക്കപ്പെട്ട ആളാണ് കേസിൽ സസ്പെൻഷനിലായ എ.എസ്.ഐ. ഒരേ കുറ്റം ചെയ്തതിന് രണ്ടുപേർക്കെതിരെ നടപടിയെടുക്കുകയും മൂന്നാമനെ വെറുതെ വിടുകയും ചെയ്ത നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷം ശക്തമായിട്ടുണ്ട്.