KeralaNEWS

ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ഡിജിപി പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇൻസ്പെക്ടറെയും, ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടറെയും കുറ്റവിമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ എഡിജിപിയുടെ റിപ്പോർട്ട്.

ക്രമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനായി പൊലിസ് ആസ്ഥാനത്ത് 59 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവരുടെ കുറ്റകൃത്യങ്ങളും തുടർനടപടിയും പരിശോധിച്ചപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥർ തന്നെ ഞെട്ടിയത്. കൊലപതാകശ്രമം, ബലാൽസംഗം, സ്ത്രീകളോട് മോശമായി പെരുമാറൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ മുൻ എഡിജിപി വിജയ് സാഖറെ ഇടപെട്ട് ലഘൂകരിച്ചു.

Signature-ad

തൊടുപുഴ ഇൻസ്പെക്ടറായിരുന്ന ശ്രീമോൻ, ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കരൻ, കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഗിരീഷ്ബാബു എന്നിവരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ ചട്ടവിരുദ്ധമാണെന്ന് നിലവിലെ എഡിജിപി എം.ആർ അജിത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.

ബലാൽസംഗ കേസിലെ പരാതിക്കാരിയെ വധക്കാൻ ശ്രമിച്ച കേസും വിജിലൻസ് കേസും അടക്കം 14 കേസുകളിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ർ ശിവശങ്കരൻ. ഇരയെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ശിവശങ്കറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതിനിടെയാണ് ശിവശങ്കരിനെതിരെയുണ്ടായിരുന്ന വകുപ്പ്തല നടപടി മുൻ എഡിജിപി ഒഴിവാക്കിയത്. മറ്റ് ചില കേസുകളിൽ നൽകിയ ശിക്ഷകൾ വെറും ശാസനയിലുമൊതുക്കി.

ഹൈക്കോടതി നിർദ്ദേശനുസരണം നടത്തിയ അന്വേഷണത്തിൽ 18 കേസുകളാണ് തൊടുപുഴ ഇൻസ്പെക്ടറായ ശ്രീമോനെതിരെ തെളിഞ്ഞത്. ഉത്തരമേഖല ഐജി പിരിച്ചുവിട്ട ശ്രീമോനെ വിജയ് സാക്കറെ തിരിച്ചെടുത്തു. നിരവധിക്കേസുകളിൽ പ്രതിയായിരുന്ന കൊച്ചിയിലെ സിവിൽപൊലിസ് ഓഫീസർ ഗിരീഷ് ബാബുവിനെ മുൻ കമ്മീഷണർ നാഗരാജു പിരിച്ചുവിട്ടു. ഗിരീഷ് നൽകിയ അപ്പീൽ പരിഗണിച്ച് ഇയാളെയും തിരിച്ചടുത്തു. സർവ്വീസിൽ കയറി ദിവസങ്ങൾക്കുള്ളിൽ ഗിരീഷ് ബാബു വീണ്ടും ക്രിമിനൽ കേസിൽ അറസ്റ്റിലായി. ഗിരീഷ് ബാബുവിനെ ഇപ്പോൾ വീണ്ടും പിരിച്ചുവിട്ടു. ഡിജിപി അടുത്തിടെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മുൻ എഡിജിപിയെ വിമ‍ർശിച്ചിരുന്നു. വിജയ് സാഖറെ സംരക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഡിജിപി സർക്കാറിനെ അറിയിക്കും.

Back to top button
error: