CrimeNEWS

കേരളത്തില്‍ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍

റിയാദ്: കേരളത്തിൽ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി സൗദി അറേബ്യയിൽ പിടിയിലായി. വയനാട്ടിലെ റിസോർട്ട് ഉടമയെ അടിച്ചുകൊന്ന ശേഷം ഗൾഫിലേക്ക് കടന്ന പ്രതി 17 വർഷത്തിന് ശേഷമാണ് സൗദി പൊലീസിന്റെ പിടിയിലായത്. നാല് മാസം മുമ്പ് അറസ്റ്റിലായി ഇപ്പോൾ സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ് സംഘം റിയാദിലെത്തിയിട്ടുണ്ട്.

വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഖത്തർ – സൗദി അതിർത്തിയായ സൽവയിൽനിന്ന് സൗദി പൊലീസിന്റെ പിടിയിലായത്. 2006ലായിരുന്നു കൊലപാതകം നടന്നത്. അതിന് ശേഷം പൊലീസിനെ വെട്ടിച്ച് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇയാൾ ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പ്രതിയെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽ വെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന സൽവയിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇയാൾ അറസ്റ്റിലായ വിവരം സൗദി അധികൃർ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വഴി കേരള പൊലീസിനെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാന് മാസങ്ങൾ നീണ്ടു. ശേഷം പ്രതിയെ കേരളത്തിൽ എത്തിക്കാനായി മൂന്നംഗ ക്രൈബാഞ്ച് സംഘത്തെ ഡി.ജി.പി അനിൽകാന്ത് നിയോഗിക്കുകയായിരുന്നു.

കേന്ദ്ര സർക്കാറിന്റെ അനുമതി കിട്ടിയതോടെ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്‍പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചാം തീയ്യതിയാണ് റിയാദിലെത്തിയത്. സൗദി അധികൃതരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. റിയാദ് മലസിലെ ഡിപ്പോർട്ടേഷൻ (തർഹീൽ) സെന്ററിൽ കഴിയുന്ന പ്രതിയുമായി ശനിയാഴ്ച വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. ഞായറാഴ്ച പുലർച്ചെ 7.15ന് പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.

ദീർഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാൾ ഒരുതവണ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‍തിരുന്നു. ഇത് സംബന്ധിച്ചു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നാലെയാണ് ഏതാനും വർഷം മുമ്പ് ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയത്. ഇതിനിടെ പ്രതി നാട്ടിലെത്തിയപ്പോൾ ഇയാൾ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ആ കേസിലും പിടികിട്ടാപ്പുള്ളിയാണ്.

2006ൽ താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്ദുൽ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കൊല്ലപ്പെട്ട കരീമിന്റെ റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബു വർഗീസായിരുന്നു ക്വട്ടേഷൻ നൽകിയതെന്ന് പിന്നീട് കണ്ടെത്തി. ബിസിനസിലെ തർക്കങ്ങളെ ബാബുവർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസിൽ ബാബുവർഗീസ് റിമാൻഡിലായി. അതിന്റെ വിരോധത്തിലായിരുന്നു ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിപ്പോൾ പിടിയിലായത്.

Back to top button
error: