SportsTRENDING

കൂവിവിളിയും അസഭ്യവർഷവും ഏശിയില്ല! ആദ്യപാദത്തിൽ തന്നെ ​ഗോളടിച്ച് സുനില്‍ ഛേത്രി; സെമിയില്‍ മുംബൈയെ തകർത്ത് ബെംഗളൂരു

മുംബൈ: ഐഎസ്എല്‍ 9-ാം സീസണിന്‍റെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുംബൈ സിറ്റി എഫ്സിയെ അവരുടെ ​ഗ്രൗണ്ടില്‍ 0-1ന് തകർത്ത് ബെംഗളൂരു എഫ്സി. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബെംഗളൂരുവിന് നിർണായക ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഹെഡറിലൂടെ ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്‍റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം.

ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോള്‍ബാറിന് കീഴെ ഗുർപ്രീത് സിംഗ് സന്ധു എത്തിയപ്പോള്‍ അലക്സാണ്ടർ ജൊവാനോവിച്ച്, സന്ദേശ് ജിങ്കാന്‍, പ്രബീർ ദാസ്, റോഷന്‍ സിംഗ്, ബ്രൂണോ റാമിറസ്, സുരേഷ് സിംഗ് വാങ്ജം, ഹാവി ഹെർണാണ്ടസ്, രോഹിത് കുമാർ, റോയ് കൃഷ്ണ, ശിവശക്തി നാരായനന്‍ എന്നിവരായിരുന്നു സ്റ്റാർട്ടിംഗ് ഇലവനില്‍. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്. മറുവശത്ത് മുംബൈക്കായി രാഹുല്‍ ഭേക്കേ, മൌത്താദ ഫാള്‍, മെഹ്താബ് സിംഗ്, വിഗ്നേഷ് ദക്ഷിണാമൂർത്തി, ലാലെങ്മാവിയ, അഹമ്മദ് ജാവൂ, ഗ്രെഗ് സ്റ്റുവർട്ട്, ലാലിയന്‍സ്വാല ചാങ്തെ, യോർഗെ പെരേര ഡയസ്, ബിപിന്‍ സിംഗ് എന്നിവരും ഗോള്‍വല കാക്കാന്‍ ഫുർബയുമായിരുന്നു.

Signature-ad

അതിശക്തമായ താരങ്ങള്‍ ഇറങ്ങിയിട്ടും സ്വന്തം കാണികളെ സന്തോഷിപ്പിക്കാന്‍ മുംബൈ സിറ്റി എഫ്സിക്കായില്ല. ഇതിനിടെയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ബിഎഫ്സിക്കായി സുനില്‍ ഛേത്രി സ്കോർ ചെയ്തത്. സെമിക്കായി മുംബൈയില്‍ വന്നിറങ്ങിയ സുനില്‍ ഛേത്രിയെ മുംബൈ സിറ്റി എഫ്സിയുടെ ആരാധകർ കൂവിവിളിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ആദ്യപാദ സെമിയില്‍ ബെംഗളൂരു ടീമിനായി നിർണായക ഗോള്‍ കണ്ടെത്തുകയായിരുന്നു ഇന്ത്യന്‍ ഇതിഹാസം.

Back to top button
error: