കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നു നഗരത്തിൽ പുക നിറയുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരം സജിത മഠത്തിൽ. ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്നും ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നുവെന്നും സജിത മഠത്തിൽ പറഞ്ഞു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അൽപ്പം തെളിച്ചമുണ്ട്. പരിഷ്കൃത സാംസ്കാരിക കേരളത്തിൽ ഇതിനൊന്നും ഒരു ശാശ്വത പരിഹാരമില്ലേയെന്നും സജിത മഠത്തിൽ ഫേസ്ബുക്കിലെ ചോദിച്ചു.
അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി രാജീവ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ തീ പൂർണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. തീ അണയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപ്പവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിഹ് ജെസിബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ഉന്നതതല യോഗം അവലോകനം ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ പോർട്ടബിൾ പമ്പുകൾ കൂടി സജ്ജീകരിക്കും. കടമ്പ്രയാറിൽനിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ എഫ്എസിടിയിലെ തടാകത്തിൽ നിന്നെടുക്കും. നിലവിലെ പ്രശ്നം പരിഹരിച്ചാൽ ഉടൻ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോർപ്പറേഷൻ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കൽ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്കര ണത്തിന് താത്കാലിക സംവിധാനം ഏർപ്പെടുത്തും. കോർപ്പറേഷന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ മുൻ കൈയെടുത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി. ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു.