IndiaNEWS

മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ മാർച്ച് 10ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാർച്ച് 10ന് പരിഗണിക്കും. ഹർജി ഇന്ന് പരിഗണിച്ചപ്പോൾ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നുദിവസം കൂടി നീട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ചില രേഖകൾ കാണാനില്ലെന്നും അതു കണ്ടെടുക്കണമെന്നും സിബിഐ കോടതിയിൽ ഉന്നയിച്ചു. എന്നാൽ സിബിഐയുടെ അന്വേഷണം പരാജയമെന്ന് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ചൊവ്വാഴ്ച ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അറസ്റ്റിനു പിന്നാലെ, എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഡൽഹിയിലാണു സംഭവങ്ങളെന്ന കാരണത്താൽ നേരിട്ടു വരാനാകില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഹർജി തള്ളിയത്. തുടർന്ന് സിസോദിയ ഹർജി പിൻവലിക്കുകയും വിചാരണ കോടതിയെ സമീപിക്കുകയുമായിരുന്നു.

2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി.കെ.സക്സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു. കേസിൽ ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും (ഇഡി) അന്വേഷിക്കുന്നുണ്ട്.

Back to top button
error: