Movie

കൊച്ചിൻ ഹനീഫ തിരക്കഥയെഴുതി എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ റിലീസ് ചെയ്തിട്ട് ഇന്ന് 40 വർഷം

സിനിമ ഓർമ്മ

എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ തിയേറ്ററിൽ എത്തിയിട്ട് 40 വർഷം. 1983 മാർച്ച് നാലിനായിരുന്നു റിലീസ്. രാധിക അഭിനയിച്ച ആദ്യ തെലുഗു ചിത്രമായ ‘ന്യായം കാവാലി’യുടെ മലയാളം റീമേയ്ക്കാണ് രാജ്‌കുമാർ-മേനക ജോടികൾ അഭിനയിച്ച ഈ ചിത്രം. കൊച്ചിൻ ഹനീഫയാണ് തിരക്കഥയെഴുതിയത്. എ.ബി രാജിന്റെ ‘അടിമച്ചങ്ങല’യടക്കം ഒരുപിടി ചിത്രങ്ങൾ നിർമ്മിച്ച ആർ.എസ് ശ്രീനിവാസനാണ് നിർമ്മാണം. ആർ.കെ ദാമോദരൻ-രവീന്ദ്രൻ ടീമിന്റെ 4 ഹിറ്റ് ഗാനങ്ങൾ ചിത്രത്തിന്റെ മുതൽക്കൂട്ടായിരുന്നു (ഹേമന്തഗീതം, സിന്ധു, താളം, ഓ മൈ ജിഞ്ചു ഡാർലിങ്ങ്).

Signature-ad

‘മിസ്റ്റർ രവികുമാർ എന്റെ ഭർത്താവല്ലെങ്കിലും എന്റെ മകന്റെ അച്ഛനാണെന്ന് ഈ സമൂഹം അറിയണം’ എന്ന സിന്ധുവിന്റെ വാശിയാണ് സിനിമയുടെ കാതൽ. പ്രിയസ്വപ്‌ന മഞ്ജരി ചൂടി രവികുമാറിൽ (രാജ്‌കുമാർ) കവിത പോലെ കതിരിട്ട യുവതിയാണ് സിന്ധു (മേനക). പ്രായപൂർത്തിയാകാത്ത അവളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങാൻ തുടങ്ങിയ രവിക്കെതിരെ സിന്ധു കേസ് കൊടുക്കുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണം. കോടതിയിലെ കേസിൽ സിന്ധു ജയിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു പൊതു പരിപാടിക്ക് കുഞ്ഞിനെ രവി കാണുന്നിടത്ത് നിന്നുള്ള ഫ്ലാഷ്ബാക്കിലാണ് കഥയുടെ ഇതൾ വിരിയുന്നത്.

എ.ബി രാജിന്റെ ‘ഇരുമ്പഴികൾ,’ ‘അടിമച്ചങ്ങല’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കൊച്ചിൻ ഹനീഫ. ഈ ചിത്രത്തിൽ ഹനീഫ ഒരു വേഷവും ചെയ്‌തു.
‘താളം തെറ്റിയ താരാട്ടി’ന് തൊട്ട് മുൻപ് എ.ബി രാജ് സംവിധാനം ചെയ്‌ത ചിത്രങ്ങളാണ് ‘ആക്രോശം,’ ‘കഴുമരം.’
അദ്ദേഹം 11 വർഷങ്ങൾ ശ്രീലങ്കയിൽ ചിലവഴിച്ചു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. പ്രശസ്‌ത നടി ശരണ്യ മകളാണ്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: