കുവൈത്ത് സിറ്റി: കുവൈത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാൻ രാജ്യത്തെ പബ്ലിക് മാൻപവർ അതോറിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളിൽ ജോലി ചെയ്യുന്നവർക്കും സമാനമായ പരിശോധന ബാധകമാവുമെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
യോഗ്യതാ പരിശോധനയ്‍ക്കായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നാണ് സൂചന. ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധുതയുള്ളതും രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴിൽ പെർമിറ്റുകൾക്കും ഇത് ബാധകവുമായിരിക്കും. കുവൈത്തിൽ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ൽ അധികം പ്രവാസികൾ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളിൽ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ചും മാൻപവർ അതോറിറ്റി വിശദമായ പഠനം നടത്തും. നിലവിൽ കുവൈത്തിൽ എഞ്ചിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നൽകുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമുണ്ട്.