KeralaNEWS

കല്ലട പ്രതാപ്സിംഹൻ്റെ ‘തമസാ കേഴുന്നു’ കഥാകൃത്ത് പി.കെ പാറക്കടവ് ഡോ. ആര്യ ഗോപിക്കു നൽകി പ്രകാശനം ചെയ്തു

കല്ലട പ്രതാപ്സിംഹൻ തൂലികയേന്തിയിട്ട് 49 കൊല്ലമായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലരമയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. ബാലസാഹിത്യമായിരുന്നു അന്ന് തട്ടകം. പിന്നീട് ഹൈസ്കൂൾ പഠനം പൂർത്തിയാകും മുമ്പേ ജനയുഗം, കേരള ശബ്ദം, വീക്ഷണം പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനായി. അക്കാലത്ത് ഈ പ്രസിദ്ധീകരണങ്ങളുടെ വാർഷികപ്പതിപ്പുകൾ പ്രതാപസിംഹൻ്റെ രചനകളില്ലാതെ പുറത്തിറങ്ങാറില്ലായിരുന്നു. തെങ്ങമം ബാലകൃഷ്ണനായിരുന്നു അന്ന് ജനയുഗത്തിന്റെ പത്രാധിപർ. ഉറൂബും എൻ.വി കൃഷ്ണവാര്യരുമൊക്കെ അന്ന് കുങ്കുമത്തിലും കേരളശബ്ദം ഗ്രൂപ്പിലുമുണ്ട്. കൂടാതെ തിരുനെല്ലൂർ കരുണാകരനും പുനലൂർ ബാലനും തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ തട്ടകം അന്ന് കൊല്ലമായിരുന്നു. കൊല്ലം സ്വദേശിയായ പ്രതാപ് സിംഹന്റെ രചനകൾക്ക് ആ ഗുരുകാരുണ്യം ഏറെ പ്രചോദനമായിട്ടുണ്ട്. മാത്രമല്ല അവരുടെ പ്രോത്സാഹനവും ആവോളം ലഭിച്ചിരുന്നു.

കേരളശബ്ദത്തിന്റെ ‘മുത്തശ്ശി’യിൽ ആദ്യലക്കം മുതൽ കല്ലട പ്രതാപസിംഹൻ എന്ന പേര് വായനക്കാർക്ക് സുപരിചിതമായിരുന്നു. അതേകാലത്ത് തന്നെ ബാലരമ, ബാലയുഗം, പൂമ്പാറ്റ, തളിര്, പൂഞ്ചോല, ബാലമംഗലം തുടങ്ങി മലയാളത്തിലെ എല്ലാ ബാലപ്രസിദ്ധീകരണങ്ങളിലും പ്രതാപസിംഹൻ്റെ രചനകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു.

Signature-ad

പക്ഷേ സാഹിത്യരചന പ്രതാപസിംഹന് ഒരിക്കലും ജീവിതോപാധിക്കുള്ള വഴിയായിരുന്നില്ല. പ്രതാപസിംഹൻ സഞ്ചരിച്ച ദുരിത വഴികൾ ഏറെയാണ്. ചെയ്യാത്ത തൊഴിലുകൾ ഒന്നുമില്ല.

ഇതിനോടകം ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഗ്രീൻ ബുക്സ്, സൈന്ധവ, ലിപി, വായനപുര തുടങ്ങിയ പ്രസാധകരാണ് പുസ്തകങ്ങൾ പ്രസ്തികരിച്ചത്. പുതിയ പുസ്തകം ‘തമസാ കേഴുന്നു’ എന്ന കാവ്യസമാഹാരം കോഴിക്കോട് തിങ്കിലി പബ്ലിഷേഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാലാപ്പറമ്പ് ‘ജേർണി’ വീടങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കഥാകൃത്ത് പി.കെ പാറക്കടവ് ഡോ. ആര്യ ഗോപിക്കു നൽകി ‘തമസാ കേഴുന്നു’ പ്രകാശനം നിർവഹിച്ചു. കവി പി.കെ ഗോപി, ടി വി ബാലൻഎന്നിവർക്കൊപ്പം കല്ലട പ്രതാപസിംഹനും പുസ്തക പ്രകാശന ചടങ്ങിൽ സന്നിഹിതനായിരുന്നു.

Back to top button
error: