Movie

മീന ബാലതാരമായി മലയാളത്തിലെത്തിയ മമ്മൂട്ടി-സരിത ചിത്രം ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 39 വർഷം

സിനിമ ഓർമ്മ

നടി മീനയുടെ ആദ്യ മലയാളചിത്രം ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 39 വർഷമായി. 1984 മാർച്ച് രണ്ടിനായിരുന്നു തോപ്പിൽ ഭാസി തിരക്കഥയെഴുതി പി.ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടി-സരിത ചിത്രം തിയറ്ററുകളിലെത്തിയത്. ഈ ചിത്രത്തിൽ ബാലതാരമായിരുന്ന എട്ട് വയസ്സുകാരി മീന പിന്നീട് മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വരുന്നതിന് മുൻപേ ഒരു ഡസൻ തമിഴ്, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു മീന. മലയാളിയായ അമ്മയുടെയും ആന്ധ്രാക്കാരനായ പിതാവിന്റെയും മകളായി തമിഴ്‌നാട്ടിലാണ് മീന വളർന്നത്.
‘സാജൻ ബിനാ സുഹാഗൻ’ എന്ന ഹിന്ദി ചിത്രം ചില മാറ്റങ്ങളോട് കൂടി റീമേയ്ക്ക് ചെയ്തതാണ് അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’. ഈ ഹിന്ദി ചിത്രത്തിലാണ് യേശുദാസിന്റെ ‘മധുപൻ ഖുഷ്‌ബു’ എന്ന ഗാനമുള്ളത് (സംഗീതം ഉഷാ ഖന്ന). ഇതിന്റെ തമിഴ് റീമേയ്ക്കിലാണ് (മംഗള നായകി) ബാലതാരമായി നടി ശോഭനയുടെ അരങ്ങേറ്റം.

Signature-ad

വിധിയും മനുഷ്യരും സാഹചര്യങ്ങളും ചേർന്ന് ഒരു സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നാടകീയതകളാണ് ‘ആരും പറയാത്ത കഥ’യുടെ പ്രമേയം. ഹൃദയസംബന്ധമായ അസുഖമുള്ള ഇളയ മകളെ (മീന) ഭർത്താവ് ആകസ്‌മികമായി മരിച്ച വിവരം അറിയിക്കാത്ത ഒരമ്മ (സരിത). അവരെ ഇക്കാര്യം പറഞ്ഞ് ബ്‌ളാക്ക്‌മെയിൽ ചെയ്യുന്ന ഹോസ്പിറ്റൽ അറ്റൻഡർ (ടി.ജി രവി). മകളുടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് അയാളെ കൊല്ലാൻ അവൾക്ക് കരുത്ത് നൽകുന്നത് മുൻകാമുകൻ (മമ്മൂട്ടി) നടത്തുന്ന മനുഷ്യപ്പറ്റുള്ള ഇടപെടലുകളാണ്. സാഹചര്യ സമ്മർദ്ദത്താൽ സ്വയം രക്ഷയ്ക്ക് ചെയ്‌ത കുറ്റമെന്ന നിലയിൽ കോടതി അവളെ വെറുതെ വിടുന്നതോടെ നായികയുടെ കരച്ചിലിന് ശമനമായി.
ബിച്ചു തിരുമല-എ റ്റി ഉമ്മർ ടീമിന്റെ ഗാനങ്ങളിൽ ‘അഴകിൻ പുഴകൾ’ ശ്രദ്ധേയം.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: