IndiaNEWS

2024ൽ ബിജെപി മുക്ത ഭാരതത്തിനായി പ്രവർത്തിക്കണമെന്ന് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും

പാറ്റ്ന: 2024ൽ ബിജെപിമുക്ത ഭാരതത്തിനായി പ്രവർത്തിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവും. ഏഴ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മഹാ​ഘദ്ബന്ധൻ റാലിക്കിടെയായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം. ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ഒന്നുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിയെ 2024ൽ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കണമെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പൂർണിയയിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഓൺലൈനിലൂടെ പറഞ്ഞു. ബിജെപിയെ താഴെയിറക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺ​ഗ്രസിനോട് നിതീഷ് കുമാർ ആവശ്യപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് തികക്കില്ലെന്നും കോൺ​ഗ്രസ് നേതാവ് അഖിലേഷ് സിം​ഗ് പ്രസാദ് റാലിയിൽ പറഞ്ഞു.

Signature-ad

ബീഹാറിലെ സീമാഞ്ചലും നോർത്ത് ബം​ഗാളിലെ ചില പ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ കേന്ദ്രഭരണ പ്രദേശമുണ്ടാക്കുമെന്ന അമിത്ഷായുടെ പമാർശത്തോടും നിതീഷ് കുമാർ പ്രതികരിച്ചു. ബിജെപിക്ക് സംസ്ഥാനത്തെ വിഭജിക്കണമെന്നാണ് ആ​ഗ്രഹമെന്നും എന്നാൽ ഇതിന് അനുവദിക്കില്ലെന്നും നിതീഷ്കുമാർ കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സീമാഞ്ചലിൽ അസദുദ്ദീൻ ഉവൈസിയെ പോലെയുള്ളവരുടെ പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അത് ബിജെപിയെയാണ് സഹായിക്കുകയെന്നും നിതീഷ് കുമാർ പറഞ്ഞു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകൾ നേടിയിരുന്നെങ്കിലും പിന്നീട് നാലുപേർ ആർജെഡിയിലേക്ക് കൂറുമാറിയിരുന്നു.

Back to top button
error: